കൂത്തുപറമ്പ്: വലിയവെളിച്ചം -ചീരാറ്റ റോഡ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് രാത്രി കാലങ്ങളിൽ വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രചാരണവും നടപടികളും വ്യാപകമാവുന്നതിനിടയിലാണ് പാതയോരങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്.

ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വിജനമായ ഭാഗത്താണ് രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നത്. പ്രദേശത്ത്തെരുവ് വിളക്ക് ഇല്ലാത്തത് മുതലെടുത്താണ് മാലിന്യം തള്ളൽ. ചെറുതും വലുതുമായ നിരവധി മാലിന്യ കെട്ടുകളാണ് ചാക്കുകളിലും പ്ലാസ്റ്റിക് സഞ്ചികളിലും നിറച്ച് ഈ ഭാഗത്ത് തള്ളിയിട്ടുള്ളത്. ദുർഗന്ധമുയർന്ന് വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് സമീപവാസികൾ.