മാഹി: മയ്യഴി പുഴയൊഴുകും വഴികളിലെ ജനങ്ങളെയാകെ കൂട്ടിയിണക്കി പുഴയ്ക്ക് സംരക്ഷണ കവചമൊരുക്കുന്നു. സാമൂഹ്യ പ്രവർത്തകയായ മയ്യഴിയിലെ സി.കെ. രാജലക്ഷ്മിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിന് വൻ സ്വീകാര്യതയാണ് നീണ്ടുനിവർന്നുകിടക്കുന്ന പൂഴയോരത്ത് ലഭിക്കുന്നത്.

മാഹി എം.ജി. കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ: ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് പുഴ മാലിന്യത്തിൽ മുങ്ങിനിൽക്കുകയാണെന്ന് ബോദ്ധ്യപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തീരങ്ങളിലെ മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യമടക്കം ഇവരുടെ ശ്രദ്ധയിൽപെട്ടു. പരിശോധനയിൽ കാഡ്മിയം സയനൈഡ് എന്നിവയുടെ അംശങ്ങളടക്കം ഇവർ കണ്ടെത്തി. വർക്ക്‌ഷോപ്പുകൾ, ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള മാലിന്യം ചേർന്ന് പുഴവെള്ളം കുഴമ്പ് രൂപത്തിലായിരുന്നു. വ്യാപകമായി കണ്ടൽചെടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മത്സ്യങ്ങളിൽ പലതും അപ്രത്യക്ഷമായി. അഴീമുഖത്ത് നിന്നും പെരിങ്ങത്തൂർ വരെ ഉപ്പ് വെള്ളം കയറി സമീപപ്രദേശത്തെ കൃഷികളും ഇല്ലാതാക്കി.
നേരത്തെ സമീപ തീരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പ്രകൃതി സ്‌നേഹികളും, എം. മുകുന്ദനെ പോലുള്ള സാംസ്‌ക്കാരിക നായകരും മുൻകൈയെടുത്ത് ആരംഭിച്ച മയ്യഴി പുഴ സംരക്ഷണ പ്രവർത്തനത്തിന് ഇപ്പോൾ കരുത്താർജ്ജിച്ചിരിക്കുകയാണ്. പുഴ സ്‌നേഹികളുടെ കൂട്ടായ്മ രൂപീകരണം, ബോധവൽക്കരണം, ജനകീയ പരിപാലനം തുടങ്ങിയ പ്രവർത്തന തലങ്ങളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

തൂണേരി മുടവന്തേരിയിലെ ജാതിയിൽ മോഹനൻ, മുഹമ്മദ് തുണ്ടിയിൽ, ഇരിങ്ങണ്ണൂരിലെ എം.പി.
നന്ദകുമാർ (തൂണേരി വില്ലേജ് ഓഫീസർ), മുടവന്തേരി ഡിഫെൻഡേഴ്സ് ക്ലബ്ബ് ഭാരവാഹികളായ ബഷീർ, ആഷിഫ്, നിയാസ്, മൻഷിദ്, അമീർ, അബ്ദുല്ല, സിദ്ധാർത്ഥ്, ആദിത്യ എന്നിവരും നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നു. ഡോ. പി ദിലീപ്, ഷൗക്കത്ത് അലി എരോത്ത് തുടങ്ങിയവർ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.

പുഴ വീണ്ടെടുക്കും

മയ്യഴിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട് പുഴ വീണ്ടെടുക്കൽ പ്രവൃത്തി ഊർജ്ജിതമായി നടക്കുകയാണ്. 2.96 കോടിയുടെ പദ്ധതിയിൽ വിലങ്ങാട് വരെയുള്ള ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് കൂടിയ ഭാഗങ്ങളിലെ മണൽ നീക്കി. കഴിഞ്ഞദിവസം ഇ.കെ വിജയൻ എം.എൽ.എ നിർമ്മാണ ജോലികൾ കാണാനെത്തിയിരുന്നു.

മയ്യഴിപ്പുഴയോരം മണ്ണിട്ട് കൈയേറ്റം ചെയ്യപ്പെട്ട നിലയിൽ