കണ്ണൂർ: മുൻമന്ത്രി എം.വി.ആറിന്റെ ആറാം ചരമ വാർഷിക ദിനാചരണം ഇന്ന്. സി.എം.പി രണ്ട് വിഭാഗങ്ങളും സി.പി.എമ്മിൽ ലയിച്ച അരവിന്ദാക്ഷൻ വിഭാഗവും ഇക്കുറിയും ദിനാചരണം സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിനിടെയാണ് ഇക്കുറി അനുസ്മരണ പരിപാടികൾ. സി.പി.എമ്മിൽ ലയിച്ച അരവിന്ദാക്ഷൻ വിഭാഗം ഏർപ്പെടുത്തിയ എം.വി.ആർ പുരസ്‌കാരം മന്ത്രി തോമസ് ഐസക്ക് ഏറ്റുവാങ്ങും. എം.കെ കണ്ണൻ, പാട്യം രാജൻ, സി.വി ശശീന്ദ്രൻ തുടങ്ങിയ നേതാക്കളാണ് സി.പി.എമ്മിലേക്ക് തിരികെപോയത്. എം.വി.ആർ സ്മാരക ട്രസ്റ്റിന്റെ പേരിലാണ് ഇവർ അനുസ്മരണം സംഘടിപ്പിക്കുന്നത്.
സി.പി.എമ്മിലാണെങ്കിലും പാർട്ടി എം.വി.ആർ അനുസ്മരണം നടത്തുന്നത് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സി.എം.പിയിൽ നിന്നെത്തിയവരുടെ നേതൃത്വത്തിൽ ട്രസ്റ്റ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ സി.പി.എം ജില്ലാ കമ്മിറ്റി അനുസ്മരണം ആലോചിച്ചെങ്കിലും എതിർപ്പ് ശക്തമായതിനെ തുടർന്ന് പിൻമാറുകയായിരുന്നു.
യു.ഡി.എഫിൽ തന്നെ നിലയുറപ്പിച്ച സി.എം.പി ജോൺ വിഭാഗവും എം.വി.ആർ അനുസ്മരണം നടത്തുന്നുണ്ട്. സി.എ അജീറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. എം.വി.ആറിന്റെ മകൻ എം.വി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സി.എം.പി എം.വി.ആർ അനുസ്മരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും മഹാത്മാ മന്ദിരത്തിൽ രാവിലെ 11 മണിക്ക് അനുസ്മരണ സമ്മേളനവും നടത്തും. സി.പി.എമ്മിൽ ലയിച്ച അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം എം.വി.ആറിന്റെ മക്കളായ എം.വി ഗിരിജയും എം.വി നികേഷ് കുമാറുമുണ്ട്. ഇവരോടൊപ്പം ചേരാതെ രാജേഷ് കുമാർ സ്വതന്ത്രനിലപാട് സ്വീകരിക്കുകയായിരുന്നു. ഇവർ സി.പി. ജോൺ വിഭാഗത്തോടൊപ്പം ചേരാനും തയ്യാറായില്ല.