കണ്ണൂർ: സി.പി.എമ്മിന്റെ സമുന്നത നേതാവും പിന്നീട് മുഖ്യ ശത്രുവും അവസാന നാളിൽ മാതൃ സംഘടനയിലേക്ക് തിരിച്ചെത്തി എന്നും പറയുന്ന എം.വി. രാഘവന് മരിച്ചിട്ടും സമാധാനമില്ല. ഇന്ന് എം.വി.ആറിന്റെ ആറാം ചരമ വാർഷിക ദിനാചരണമാണ്. പക്ഷെ, കണ്ണൂരിലെ അണികൾ ദിനാചരണം നടത്തുന്നതാകട്ടെ മൂന്നായി ചേരിതിരിഞ്ഞും. സി.പി.എമ്മിനോട് ഏറ്റുമുട്ടി കണ്ണൂർ പോലൊരു കേന്ദ്രത്തിൽ അദ്ദേഹം വളർത്തിയ സി.എം.പിയാണ് ഈ വിധം തകർന്നടിഞ്ഞത്.
കെ.ആർ. അരവിന്ദാക്ഷൻ വിഭാഗം മാതൃസംഘടനയായ സി.പി.എമ്മിൽ തിരിച്ചെത്തിയപ്പോൾ സി.പി ജോൺ വിഭാഗം യു.ഡി.എഫിൽ തുടർന്നു. എം.വി.ആറിന്റെ മകൻ എം.വി. രാജേഷ് കുമാർ വിഭാഗം സമദൂരം പാലിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം.വി.ആറിന്റെ ആറാം ചരമവാർഷിക ദിനാചരണം മത്സരിച്ച് മൂന്നു വിഭാഗവും നടത്തുന്നത്.
സി.പി.എമ്മിൽ ലയിച്ച കെ.ആർ. അരവിന്ദാക്ഷൻ വിഭാഗം ഏർപ്പെടുത്തിയ എം.വി.ആർ പുരസ്‌കാരം ഇന്ന് മന്ത്രി തോമസ് ഐസക്ക് ഏറ്റുവാങ്ങും. എം.കെ. കണ്ണൻ, പാട്യം രാജൻ, സി.വി. ശശീന്ദ്രൻ തുടങ്ങിയ നേതാക്കളാണ് സി.പി.എമ്മിൽ ലയിച്ചത്. എം.വി.രാഘവൻ അനുസ്മരണത്തിന് സി.പി.എം നേരിട്ട് ഇറങ്ങുന്നത് വിമർശനത്തിന് ഇടയാക്കുമെന്നതാണ് പാർട്ടിയിൽ ലയിച്ചവർ എം.വി.ആർ സ്മാരക ട്രസ്റ്റുണ്ടാക്കി പരിപാടി നടത്തുന്നത്.
കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവാദിയെന്ന് സി.പി.എം വർഷങ്ങളായി ആരോപിച്ചിരുന്ന എം.വി. രാഘവന്റെ അനുസ്മരണം നടത്താൻ കഴിഞ്ഞ തവണ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നുവെങ്കിലും അണികളിൽ നിന്നുള്ള എതിർപ്പ് ശക്തമായതിനെ തുടർന്ന് പിൻമാറുകയായിരുന്നു. ജോൺ വിഭാഗം സി.എ അജീറിന്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തും. എം.വി.ആറിന്റെ മകൻ എം.വി. രാജേഷ് കുമാറിന്റെ നേത്യത്വത്തിൽ അനുസ്മരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും മഹാത്മാ മന്ദിരത്തിൽ ഒൻപതിന് രാവിലെ പതിനൊന്ന് മണിക്ക് പുഷ്പാർച്ചനയും നടക്കും.
സി.പി.എമ്മിൽ ലയിച്ച കെ.ആർ അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം എം.വി.ആറിന്റെ മക്കളായ ഗിരിജയും എം.വി നികേഷ് കുമാറുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിൽ എം.വി നികേഷ് കുമാർ സി.പി.എം ചിഹ്നത്തിൽ ജനവിധി തേടിയിരുന്നു. എന്നാൽ ലീഗിലെ കെ.എം ഷാജിയോട് രണ്ടായിരത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടു. സി.എം.പി ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ഇ.പി. കൃഷ്ണൻ നായർ സ്മാരക മന്ദിരം സി.പി.എം പിടിച്ചെടുക്കുകയും ഐ.ആർ.പി.സി കേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നു. സി.പി ജോൺ വിഭാഗം കണ്ണൂരിൽ സജീവമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുവിൽ ഇവർ ചില സീറ്റുകളിൽ മത്സരിക്കുന്നുമുണ്ട്.
എം.വി രാജേഷ് കുമാറിന്റെ കക്ഷി യു.ഡി.എഫ് നേതാക്കളുമായി മുന്നണി പ്രവേശനത്തിന് അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വേറിട്ട പാർട്ടിയായി നിൽക്കാൻ ആഗ്രഹിക്കുന്ന രാജേഷ് കുമാറിന് സി.പി. ജോൺ വിഭാഗവുമായി ലയനത്തിന് താത്പര്യമില്ല.