കാസർകോട് : ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിലെ മൂന്ന് പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജുവലറി മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ, മരുമകനും ജനറൽ മാനേജരുമായ സൈനുൽ ആബിദീൻ, തങ്ങളുടെ മകൻ ഇഷാം എന്നിവർക്കെതിരെയാണ് നോട്ടീസ് .
ഒന്നാം പ്രതി പൂക്കോയ തങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി. ഇയാളുടെ മകൻ ഇഷാം രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. കേസിൽ പ്രതി ചേർക്കുന്നതിന് മുന്നോടിയായാണ് ജനറൽ മാനേജർ സൈനുൽ ആബിദിനെതിരെ നോട്ടീസ്. നേരത്തെ എം.എൽ.എക്കും ഡയറക്ടർമാർക്കുമെതിരെ സൈനുൽ ആബിദീൻ പരസ്യ പ്രതികരണം നടത്തിയിരുന്നു. ആസ്തിയുടെ കണക്ക് ബോധിപ്പിക്കാൻ കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടിലും ഇയാൾ പോയിരുന്നു. അതേസമയം നിക്ഷേപകർ ഇയാൾക്കെതിരെയും പ്രത്യേക മൊഴി നൽകി. തങ്ങളും സൈനുൽ ആബിദീനും ഒരുമിച്ചു രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സൂചന കിട്ടിയിരുന്നു. നോട്ടീസ് വിവരം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് പി വിവേക് കുമാറും പ്രധാന വിമാനത്താവള അധികാരികൾക്ക് കൈമാറി.