കണ്ണൂർ: കഴിഞ്ഞ അഞ്ച് വർഷവും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയ കേന്ദ്രമായ കോർപ്പറേഷൻ ആയിരുന്നു കണ്ണൂർ. സിനിമകളിലെ രംഗം പോലെ ഒറ്റയംഗത്തിന്റെ ഭൂരിപക്ഷത്തിൽ രാഷ്ട്രീയ നാടകങ്ങൾക്കും വടംവലികൾക്കും കണ്ണൂർ സാക്ഷ്യം വഹിച്ചു. മൂന്നു മേയർമാരും രണ്ടു ഡപ്യൂട്ടി മേയർമാരും അധികാര കസേര കയറി ഇറങ്ങിയ കണ്ണൂർ ഇത്തവണ ഏതു മുന്നണിയ്ക്ക് ലഭിക്കുമെന്നാണ് ഉയരുന്ന ചോദ്യം.
കഴിഞ്ഞ ഭരണസമിതിയിൽ ഏഴ് സ്ഥിരം സമിതികൾ യു.ഡി.എഫിന് ലഭിച്ചപ്പോൾ ഒരു യു.ഡി.എഫ് വോട്ട് അസാധുവായതോടെ ക്ഷേമകാര്യ സ്ഥിരംസമിതി എൽ.ഡി.എഫിനും ലഭിച്ചു. 27 എന്ന തുല്യ അംഗ ബലത്തിൽ ഇരുമുന്നണികളും നിന്നതോടെ കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് ഇരുമുന്നണികൾക്കും അനിവാര്യ ഘടകമായി മാറി. ഈ അവസരം വിനിയോഗിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനത്തിരുന്ന അദ്ദേഹം ആദ്യാവസാനം കണ്ണൂർ നഗരഭരണത്തെ നിയന്ത്രിച്ചു.
2015 മുതൽ 2019വരെ ഇടതുമുന്നണിക്കായിരുന്നു മേയർ സ്ഥാനം. 2015 നവംബർ 18നു മേയർ സ്ഥാനത്തേക്കു സി.പി.എമ്മിലെ ഇ.പി ലത തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് വിട്ടുനിന്നതോടെ ഇരുമുന്നണി സ്ഥാനാർഥികളും തുല്യവോട്ട് നേടി. നറുക്കെടുപ്പിൽ മുസ്‌ലിം ലീഗിലെ സി. സമീർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നു നടന്ന സ്റ്റാൻഡിഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ പിന്തുണച്ച പി.കെ. രാഗേഷിന്റെ നിലപാടിനെ തുടർന്ന് ഏഴു സ്ഥിരം സമിതികൾ അവർ നേടി.
കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് ഇടതുമുന്നണിയുമായി അടുത്ത പി.കെ രാഗേഷിന്റെ പിന്തുണയോടെ അവർ പിന്നീട് ഡപ്യൂട്ടി മേയർക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇരയാകാനില്ലെന്ന് പറഞ്ഞ് അവിശ്വാസ പ്രമേയത്തിന് തൊട്ടുമുൻപ് 2016 ജൂൺ 13ന് സി. സമീർ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവച്ചു. തുടർന്നു ജൂൺ 30നു നടന്ന ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് ഇടതു പിന്തുണയിൽ ഡെപ്യൂട്ടി മേയറായി.
ഇടതുമായി അകന്നുതുടങ്ങിയ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച യു.ഡി.എഫ് 2019 ഓഗസ്റ്റ് 17നു മേയർ ഇ.പി ലതക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 26 നെതിരെ 28 വോട്ടിന് അവിശ്വാസ പ്രമേയം പാസായതോടെ നാലുവർഷം നീണ്ട ഇടതുഭരണം അവസാനിച്ചു. പി.കെ രാഗേഷ് യു.ഡി.എഫിനു വോട്ട് ചെയ്തു. ഇതിനിടെ എടക്കാട് നിന്നുള്ള സി.പി.എം അംഗം ടി.എം കുട്ടികൃഷ്ണൻ മരണപ്പെട്ടിരുന്നു.
മേയർ തെരഞ്ഞെടുപ്പ് നടന്നപ്പോൾ പി.കെ രാഗേഷിന്റെ പിന്തുണയിൽ 2019 സപ്തംബർ നാലിന് കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മേയറായി. സുമാ ബാലകൃഷ്ണന് 28 വോട്ടും എതിർ സ്ഥാനാർഥി ഇ.പി ലതയ്ക്ക് 25വോട്ടും ലഭിച്ചു. ഒരു ഇടതു കൗൺസിലറുടെ വോട്ട് അസാധുവാകുകയും ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് എൽ.ഡി.എഫ് 25ൽ ഒതുങ്ങിയത്. മുസ്‌ലിംലീഗിന് മേയർ സ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിൽ ജൂൺ മൂന്നിന് സുമ മേയർ സ്ഥാനം രാജിവച്ചു. ഈവർഷം ജൂൺ 12ന് ഇടതുമുന്നണി പി.കെ രാഗേഷിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം കക്കാട് നിന്നുള്ള മുസ്‌ലിംലീഗ് അംഗം കെ.പി.എ സലീമിന്റെ പിന്തുണയിൽ വിജയിക്കുന്ന നാടകീയതയും കോർപ്പറേഷൻ കണ്ടു. സലീം ഇടതുപാളയത്തിലെത്തി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിൽ തിരിച്ചെത്തിയ സലീമിന്റെ കൂടി പിന്തുണയിൽ പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി. സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനം രാജിവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ജൂലൈ എട്ടിനു കോർപ്പറേഷന്റെ മൂന്നാമത്തെ മേയറായി മുസ്‌ലിംലീഗിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു.