കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞതവണ നടന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു ശേഷം സംസ്ഥാനത്ത് ചർച്ചകളിൽ ഏറേ നിറഞ്ഞു നിന്നത് കണ്ണൂർ കോർപ്പറേഷൻ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പോലും കണ്ണൂർ കോർപ്പറേഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവർഷം കണ്ട രാഷ്ട്രീയ നാടകത്തിന്റെ തുടർവിധി ഇക്കുറി എന്താകുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. മൂന്നു മേയർമാരും രണ്ടു ഡെപ്യൂട്ടി മേയർമാരും അധികാര കസേര കയറി ഇറങ്ങിയ ഭരണകാലത്ത് ഭരണസമിതിയിലെ ഏഴ് സ്ഥിരം സമിതികളും യു.ഡി.എഫിനായിരുന്നു.
ഒരു യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നു ക്ഷേമകാര്യ സ്ഥിരംസമിതി എൽ.ഡി.എഫിനു ലഭിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27 എന്ന തുല്യ അംഗ ബലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും എത്തിയപ്പോൾ കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷിന്റെ ഒറ്റവോട്ടിൽ രാഷ്ട്രീയ ബലാബലത്തിന്റെ പരീക്ഷണശാലയായി മാറി കോർപറേഷൻ. ഇക്കുറി തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ദിശയെന്തായിരിക്കുമെന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 2015 മുതൽ 2019വരെ ഇടതുമുന്നണിക്കായിരുന്നു മേയർ സ്ഥാനം.
പി.കെ രാഗേഷ് ഇടതുമുന്നണിയെ പിന്തുണച്ചതിനെ തുടർന്ന് 2015 നവംബർ 18നു മേയർ സ്ഥാനത്തേക്കു സി.പി.എമ്മിലെ ഇ.പി ലത തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് വിട്ടുനിന്നതോടെ ഇരുമുന്നണി സ്ഥാനാർത്ഥികളും തുല്യവോട്ട് നേടി. നറുക്കെടുപ്പിൽ മുസ്‌ലിം ലീഗിലെ സി. സമീർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പി.കെ. രാഗേഷ് ഇടതുപാളയത്തിലെത്തിയതോടെ ജൂൺ 30നു നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി. ഇടതുമായി അകന്നുതുടങ്ങിയ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച യു.ഡി.എഫ് 2019 ആഗസ്റ്റ് 17നു മേയർ ഇ.പി ലതക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയം പാസായതോടെയാണ് നാലുവർഷം നീണ്ട ഇടതുഭരണത്തിനു കോർപറേഷനിൽ തിരശ്ശീല വീണത്. പി.കെ രാഗേഷ് പിന്നെ യു.ഡി.എഫ് ഡെപ്യൂട്ടി മേയറായി.