കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഴീക്കോട് പഞ്ചായത്തിൽ ഇക്കുറി ഇടത്- വലത് മുന്നണികൾക്ക് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പഞ്ചായത്തിൽ ഉടനീളം അഴീക്കലിലെ കപ്പൽപൊളി ശാല ചർച്ചയാവുകയാണ്. ഇത് ജന ജീവിതത്തിന് നേരെ ഉയർത്തുന്ന വെല്ലുവിളി ചില്ലറയല്ല.

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ 23 വാർഡുകളാണ് ഉള്ളത്. കഴിഞ്ഞതവണ 16 വാർഡുകളിൽ എൽ.ഡി.എഫും ആറിടത്ത് യു.ഡി.എഫും ഒരു വാർഡിൽ ബി.ജെ.പിയും വിജയിച്ചു. കപ്പൽപൊളി ശാല പ്രവർത്തിക്കുന്ന ഒന്നാം വാർഡായ അഴീക്കൽ ഫെറി ഡിവിഷനെ പ്രതിനിധീകരിക്കുന്നത് യു.ഡി.എഫിലെ മുസ്ലീം ലീഗ് അംഗമാണ്. സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലുകളിൽ ഒന്ന് പ്രളയത്തിൽ വടംപൊട്ടി ഒഴുകിപ്പോയി മണൽ തിട്ടയിൽ തട്ടിനിൽക്കുന്ന 23ാം വാർഡായ പുലിമുട്ട് ഡിവിഷനിൽ വിജയിച്ചത് സി.പി.എമ്മും. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും കപ്പൽപൊളി ശാലക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശക്തമായി മുഴങ്ങി കേൾക്കുന്നത് ഒന്ന്, 23 വാർഡുകളിലാണ്.

ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തന്നെയാണ് മുന്നണികളുടെ കണക്കുകൂട്ടൽ. ഇത് അതിജീവിക്കാനുള്ള തന്ത്രങ്ങൾ മുന്നണികൾ മെനയുന്നതിനിടെയാണ് കപ്പൽപൊളിശാല വിരുദ്ധ സമിതി ദുരിതബാധിത വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കാൻ ഒരുങ്ങുന്നത്. ഇത് ഇരുമുന്നണികൾക്കും ഭീഷണിയാകും എന്ന് മാത്രമല്ല, നാളെയുടെ ചൂണ്ടുപലക കൂടിയാകും എന്നാണ് കണക്കുകൂട്ടുന്നത്. കപ്പൽപൊളിക്കെതിരെ സമാനമായ പ്രതിഷേധം മറ്റ് വാർഡുകളിലും ഉയർന്നാൽ തെരഞ്ഞെടുപ്പ് വിജയത്തെ ഇത് ബാധിക്കും എന്നതിൽ തർക്കമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

പ്രതിഷേധം കനക്കുന്നു

നേരത്തെ സി.പി.എം അണികൾ പ്രത്യക്ഷത്തിൽ കപ്പൽ പൊളിശാലക്കെതിരെ രംഗത്തുവന്നിരുന്നില്ലെങ്കിലും ഇപ്പോൾ സ്ഥിതി അതല്ല. കഴിഞ്ഞ ദിവസം കപ്പൽ നിൽക്കുന്ന ലൈറ്റ് ഹൗസിന് സമീപം കരാറുകാരന്റെ തൊഴിലാളികൾ രാത്രിയുടെ മറവിൽ എത്തിയെങ്കിലും നാട്ടുകാർ ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു. പാർട്ടി സ്വാധീന മേഖലയിൽ പൊടുന്നനെ ഉടലെടുത്ത പ്രതിഷേധം സി.പി.എം നേതാക്കളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.