peringom
റസിഡൻസ് സ്കൂളിന്റെ ഹോസ്റ്റൽ കെട്ടിടം

മാതമംഗലം: പെരിങ്ങോത്ത് പട്ടികജാതി-പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾക്കായുള്ള സ്കൂളിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. സി.ആർ.പി.എഫ് ക്യാമ്പിന് എതിർ വശത്താണ് കെട്ടിടം ഒരുങ്ങുന്നത്. പത്ത് ഏക്കർ സ്ഥലത്ത് 14.70 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം. പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്.

ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. നാല് കെട്ടിടങ്ങളിലായി സ്‌കൂൾ, ഹോസ്റ്റൽ, ജീവനക്കാർക്കും കുട്ടികൾക്കുമുള്ള ക്വാർട്ടേഴ്‌സ്, കാന്റീൻ ബ്ലോക്ക് എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രണ്ടു നിലകളിലായി 2865 ചതുരശ്ര മീറ്ററാണ് വിസ്തീർണ്ണം. താഴത്തെ നിലയിൽ ലാബ്, 4 ക്ലാസ് മുറികൾ, ലൈബ്രറി, ഫിസിക്കൽ എഡ്യുക്കേഷൻ റൂം, ടോയ്ലറ്റ് ബ്ലോക്ക് സ്റ്റേജ് എന്നിവയുമുണ്ട്.

ഒന്നാം നിലയിൽ രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ, 7 ക്ലാസ് റൂമുകൾ, റിക്രിയേഷൻ റൂം, സ്റ്റോർ റൂം, ശൗചാലയം, എന്നിവയുടെ പണിയും പൂർത്തിയായി. കെട്ടിടത്തിനടുത്ത് മഴവെള്ള സംഭരണിയും ഉണ്ട്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 210 കുട്ടികൾക്ക് താമസിക്കാൻ കഴിയും. 2342 സ്ക്വയർ ഫീറ്റാണ് വിസ്തീർണ്ണം. ജീവനക്കാരുടെ ക്വാർട്ടേർസിൽ ആറ് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ആധുനിക സൗകര്യങ്ങളോടെ ഉള്ള കാന്റീൻ ബ്ലോക്കിന്റെ നിർമ്മാണവും പൂർത്തിയായി. 18 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പയ്യന്നൂർ എം.എൽ.എ സി. കൃഷണന്റെ ഇടപെടലിലൂടെയാണ് ഫണ്ട് അനുവദിച്ചത്.