birds
മുണ്ടേരിക്കടവിൽ നിന്നുള്ള കാഴ്ച

കണ്ണൂർ: ദേശാടനക്കിളികൾക്ക് പാർക്കാൻ മുണ്ടേരിക്കടവിൽ ആധുനിക പക്ഷി സങ്കേതമൊരുങ്ങുന്നു. പഞ്ചായത്തിന്റെ 73.5 ലക്ഷം രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതിയായി. മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പക്ഷികളെ കാണാനും അറിയാനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. സഞ്ചാരികൾക്ക് ജലപക്ഷികളെക്കുറിച്ച് വീഡിയോ സഹിതമുള്ള വിവരങ്ങൾ നൽകാനുള്ള സംവേദന കേന്ദ്രവും സങ്കേതത്തിലൊരുക്കുന്നുണ്ട്. പ്രദർശന ഹാളും മ്യൂസിയവും വിശ്രമകേന്ദ്രവും സജ്ജീകരിക്കും. 65 ഇനം ദേശാടന പക്ഷികളും 190 ഇതര പക്ഷികളും ചേർന്ന് 255 പക്ഷി വൈവിധ്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.

ന്യൂസിലാൻഡ്, അലാസ്‌ക, സൈബീരിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം ദേശാടന പക്ഷികൾ ഇവിടെയെത്തുന്നുണ്ട്. ഇത് വേമ്പനാടും തട്ടേക്കാടും രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലാണ്. ഡോ. സലിം അലി സ്ഥാപിച്ച ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മലയാളിയായ പക്ഷി നിരീക്ഷകൻ സി. ശശികുമാർ തങ്കത്താറാവിനെ മുണ്ടേരിക്കടവിൽ ആദ്യമായി കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. തെക്കേ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബ്രിസ്റ്റിൽഡ് എന്ന പുൽക്കിളിയെയും കണ്ടെത്തി. താറാവ് ഇനത്തിലുള്ള 11 ജല പക്ഷികളിൽ 9 എണ്ണവും രേഖപ്പെടുത്തിയതോടെയാണ് മുണ്ടേരിക്കടവ് പക്ഷിനിരീക്ഷണ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്. കേരളത്തിൽ സജീവശ്രദ്ധയാകർഷിക്കുന്ന തണ്ണീർത്തടങ്ങളിലൊന്നാണ് മുണ്ടേരിക്കടവും കാട്ടാമ്പള്ളി തണ്ണീർത്തട മേഖലയും.

ലക്ഷ്യമിടുന്നത് പ്രകൃതി സൗഹൃദ ടൂറിസം

തദ്ദേശീയ പങ്കാളിത്തത്തോടെയുള്ള പ്രകൃതിസൗഹൃദ ടൂറിസമാണ് ലക്ഷ്യമിടുന്നത്. വളപട്ടണംപുഴയുടെ തീരത്തെ കാട്ടാമ്പള്ളി, മുണ്ടേരിക്കടവ് തണ്ണീർത്തട മേഖലകളിൽ അറുപതിൽപരം ദേശാടനപ്പക്ഷികളും ഇരുന്നൂറ്റിപ്പത്തോഴം മറ്റു പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ മുണ്ടേരി പഞ്ചായത്തിനെ സഹായിക്കാൻ തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ റിസർച്ച് ആൻഡ് കൺസൾട്ടൻസി വിഭാഗമായ 'ഹരിത'ത്തെയാണ് ചുമതലപ്പെടുത്തിയത്.


നാട്ടുകാർ ഗൈഡുകളാകും

പക്ഷിനിരീക്ഷണത്തിൽ തത്പരരായ നാട്ടുകാരെ ഗൈഡുകളാക്കാൻ പരിശീലനം നൽകും. വെബ്‌സൈറ്റുവഴി രജിസ്റ്റർചെയ്താണ് പ്രവേശനം. സഞ്ചാരികളുടെ എണ്ണം നിജപ്പെടുത്തുന്നതിനാൽ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാകില്ല. കാർഷികവിഭവങ്ങൾ, കൈതോല, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി പ്രദേശത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപണനത്തിനും വഴിയൊരുക്കും. ഹോംസ്‌റ്റേ സൗകര്യവുമൊരുക്കും.

വംശനാശം നേരിടുന്ന പരുന്ത് വിഭാഗത്തിൽപെട്ട വലിയ പുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, രാജ പരുന്ത് തുടങ്ങിയവയെയും മുണ്ടേരിക്കടവിൽ കണ്ടെത്തിയതോടെയാണ് ഈ പ്രദേശത്തെ ബേർഡ് ലൈഫ് ഇന്റർനാഷണൽ പക്ഷി സങ്കേത ഏരിയയായി പ്രഖ്യാപിച്ചത്. മാലിന്യം വലിച്ചെറിയുന്നതും പുഴ മലിനീകരണവും വേലിയേറ്റ വേലിയിറക്കവും ഈ ജൈവ മേഖലയെ സാരമായി ബാധിക്കുന്നു-ഡോ. ഖലീൽ ചൊവ്വ, പക്ഷിനിരീക്ഷകൻ