election

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കിഴാറ്റൂരിൽ വയൽകിളികൾ മത്സരിക്കും. ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനമായത്. സി.പി.എമ്മിന്റെ ഏതാണ്ട് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. കോൺഗ്രസ് വിജയിച്ച ഏഴു സീറ്റിൽ 20 ഓളം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നു നടക്കുന്ന യോഗത്തിൽ സമവായം ഉണ്ടായാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്ന് കണ്ണൂരിൽ നടക്കുന്ന ഉന്നതതല ചർച്ചയിൽ ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമാകും. ഒ. സുഭാഗ്യം (മാന്ധംകുണ്ട്), വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി വിജയൻ (തുരുത്തി), പ്രസിഡന്റ് കെ.എം.ലത്തീഫ് (ചാലഞ്ഞൂർ) എന്നിവർ സി.പി.എം സ്ഥാനാർത്ഥികളാകും. ഏഴാംമൈൽ കൗൺസിലർ ആയിരുന്ന എം.പി റഫീഖ് കാക്കഞ്ചാലിലും മുൻകൗൺസിലർ വനജ കൂവോടും മത്സരിക്കും. രാജരാജേശ്വര വാർഡിൽ ലോക്കൽ കമ്മിറ്റിയംഗം പി. ഗോപിനാഥും പുഴക്കുളങ്ങരയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും സ്വർണത്തൊഴിലാളി യൂണിയൻ നേതാവുമായ സി.സുരേഷ് കുമാറുമാണ് സി.പി.എമ്മിനായി മത്സരിക്കുന്നത്. കീഴാറ്റൂരിൽ വത്സലയും പുളിമ്പറമ്പിൽ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് വില്ലേജ് വൈസ് പ്രസിഡന്റ് എം.അഖിലയും ഇടതുസ്ഥാനാർത്ഥികളാകും.

പ്ലാത്തോട്ടത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷീബയാണ് സി.പി.എം സ്ഥാനാർത്ഥി. മുൻ നഗരസഭ കൗൺസിലർമാരായ സി.വി.ഗിരീശൻ തുള്ളന്നൂരിലും ഇ. കുഞ്ഞിരാമൻ കുറ്റിക്കോലിലും പാലക്കുളങ്ങരയിൽ ടി. പത്മനാഭനും നേതാജി നഗറിൽ സേതുമാധവനും തൃച്ചംബരത്ത് നന്ദുവും സി.പി.എം ലിസ്റ്റിലുണ്ട്.

കഴിഞ്ഞതവണ ഏഴ് വാർഡുകളിൽ ജയിച്ചുകയറിയ കോൺഗ്രസ് ഇക്കുറി പാലകുളങ്ങരയിൽ എം.എൻ. പൂമംഗലത്തെ മത്സരിപ്പിക്കും. പൂക്കോത്ത് തെരുവിൽ രണ്ടുപേർ സ്ഥാനാർത്ഥി ലിസ്റ്റിൽ ഉണ്ട്. പാളയാട് മൂന്നുപേർ സ്ഥാനാർത്ഥി നിർണയ പട്ടികയിലുണ്ട്. കോൺഗ്രസിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കല്ലിങ്കീൽ പത്മനാഭൻ മത്സരിക്കും. കഴിഞ്ഞപ്രാവശ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായ വത്സല പ്രഭാകരൻ ജയിച്ച് വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പുഴക്കുളങ്ങര വാർഡിൽ മത്സരിക്കാൻ നാലു പേരാണ് രംഗത്തുള്ളത്. ഇവിടെ മണ്ഡലം പ്രസിഡന്റ് ടി.വി. രവിക്കാണ് മുൻതൂക്കം. നേതാജി വാർഡിലും കോൺഗ്രസ് ലിസ്റ്റിൽ തർക്കം തുടരുകയാണ്. എസ്.സി വാർഡായ തൃച്ചംബരത്ത് കുറ്റിക്കോൽ സ്വദേശി അനീഷ് പ്രചരണം തുടങ്ങി.