തലശ്ശേരി: നൂറുക്കണക്കിന് കുടുംബങ്ങൾക്ക് വീടും തൊഴിൽ സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കില്ലെന്ന് യു.ഡി.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തു നിന്നും നാല് മണിക്കൂറിനുള്ളിൽ കാസർകോട് എത്തിച്ചേരാമെന്ന നിലയിൽ 532 കിലോമീറ്റർ ദൂരത്തുനിന്നുള്ള സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഇടുങ്ങിയതും ജനസാന്ദ്രതയേറിയതുമായ തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ ദുരിതത്തിലാക്കും. ന്യൂമാഹി പഞ്ചായത്ത്,​ തലശ്ശേരി നഗരസഭ പരിധിയിലൂടെ കടന്നുപോകുന്നതിനു പകരം പോണ്ടിച്ചേരി മയ്യഴി പ്രദേശം വഴി കതിരൂർ, മമ്പറം, ചാല റെയിൽവേ ബൈപാസ് വഴി കണ്ണൂരിലേക്ക് എത്തിച്ചേരുന്ന തരത്തിലായിരുന്നു അലൈൻമെന്റ് എങ്കിൽ ഏറെ ജനസാന്ദ്രത കുറഞ്ഞ ആ പ്രദേശത്തെ സി.പി.എം കേന്ദ്രങ്ങളിലെ എതിർപ്പിനെ തുടർന്നാണ് മാഹി മുതൽ എടക്കാട് വരെ നിലവിലുള്ള റെയിലിനു സമാന്തരമായി അലൈൻമെന്റ് മാറ്റിയത്. ഇതുവഴി ന്യൂമാഹി പഞ്ചായത്തിലെ നിരവധി ഭവനങ്ങളും തലശ്ശേരി നഗരസഭയിലെ തലായി, ടെമ്പിൾ, തിരുവങ്ങാട്, പുതിയ ബസ് സ്റ്റാൻഡ്, ചേറ്റംകുന്ന്, കൊടുവള്ളി മേഖലകളിലുള്ള നൂറുകണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. പുതിയ ബസ് സ്റ്റാൻഡിലെ പഴം, പച്ചക്കറി മാർക്കറ്റുകൾ ഇല്ലാതാകും. പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് ലക്ഷ്യമെങ്കിൽ ശക്തമായസമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വ. കെ.എ ലത്തീഫ്, അഡ്വ. സി.ടി സജിത്ത്, അഡ്വ. പി.വി സൈനുദ്ദീൻ, എൻ. മഹമൂദ്, വി.എൻ. ജയരാജ്, എ.കെ ആബൂട്ടി ഹാജി, എം.പി അരവിന്ദാക്ഷൻ, വി.സി പ്രസാദ് എന്നിവർ പങ്കെടുത്തു.