കാഞ്ഞങ്ങാട്: നഗരസഭയിൽ മുസ്ലിം ലീഗ് 16 വാർഡുകളിൽ മത്സരിക്കും .ഇതു സംബന്ധിച്ച് കോൺഗ്രസുമായി ധാരണയിലെത്തി. ബല്ല കടപ്പുറം, ഹൊസ്ദുർഗ് കടപ്പുറം, പടന്നക്കാട് മേഖലകളിലും റോഡിന് കിഴക്ക് മൂന്ന് വാർഡുകളിലുമായാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്.
പാർട്ടി ജില്ലാ സെക്രട്ടറിയും നിലവിലുള്ള കൗൺസിലിൽ അംഗവുമായ കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം.പി. ജാഫർ, ഹസിനാർ കല്ലൂരാവി ,പി. അബൂബക്കർ, ഖദീജ ഹമീദ് എന്നിവർ മത്സരിക്കില്ല. പുതുമുഖങ്ങൾക്കാണ് മുസ്ലീം ലീഗ് പ്രാധാന്യം നൽകുന്നത്. വാർഡ് 16 കൊവ്വൽ പള്ളിയിൽ നിലവിലുള്ള കൗൺസിലർ ടി.കെ. സുമയ്യ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗിന് നഷ്ടപ്പെട്ട കൂളിയങ്കാൽ വാർഡിൽ മുഹമ്മദ് കുഞ്ഞിയാണ് ലീഗ് സ്ഥാനാർത്ഥി. മുൻ ചെയർപേഴ്‌സൺ ഹസീന താജുദ്ദീൻ, മുൻ കൗൺസിലർ സി.എച്ച്. സുബൈദ, ടി .റംസാൻ എന്നിവർ വീണ്ടും മത്സരിക്കും. യൂത്ത് ലീഗ് നേതാവ് കെ.കെ. ബദറുദ്ദീനും മത്സര രംഗത്ത് ഉണ്ടാകും. മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച് ധാരണയായെങ്കിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ. മുഹമ്മദ് കുഞ്ഞി കേരളകൗമുദിയോട് പറഞ്ഞു.