കാഞ്ഞങ്ങാട്: രണ്ടരഏക്കർ നെൽപാടത്തു വിളഞ്ഞ നൂറ് മേനി കൊയ്യാൻ പാടശേഖര സമിതിക്കൊപ്പം യൂണിഫോമിൽ സർക്കിൾ ഇൻസ്‌പെക്ടറും എത്തി. വെസ്റ്റ് എളേരി കൃഷി ഭവൻ പരിധിയിൽ പുങ്ങംചാൽ കളരി ക്ഷേത്ര പാടത്ത് വിളഞ്ഞ നെൽക്കതിർ കൊയ്യാനാണ് വെള്ളരിക്കുണ്ട് സി.ഐ. കെ. പ്രേംസദൻ പാടത്ത് ഇറങ്ങിയത്. കൃഷി ഓഫീസർ വി.വി. രാജീവൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, കൊയ്യാൻ എത്തിയ സ്ത്രീകൾ എന്നിവർക്കൊപ്പം യാതൊരു മടിയുമായില്ലാതെ സി.ഐ. ഇറങ്ങിയത്.
അതിവേഗം കൊയ്ത് കറ്റകളാക്കി. തിരഞ്ഞെടുപ്പ് ചട്ടമുള്ളതിനാൽ ജനപ്രതിനിധികൾ മാറി നിന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് സി.ഐ. പൗരാണികമായ ചടങ്ങുകൾക്ക് ശേഷം അരിവാൾ കയ്യിലെടുത്ത പൊലീസ് ഓഫീസർ ആദ്യം നൂറ് മേനി വിളഞ്ഞ പാടവും നെൽ കതിരും തൊട്ട് വന്ദിച്ചു. എല്ലാവരുടെയും അനുവാദത്തോടെ താൻ കൊയ്യാൻ പോവുകയാണെന്നും നല്ല വിളവ് ലഭിക്കട്ടെ എന്നും പറഞ്ഞു കൊയ്യാൻതുടങ്ങി. കോട്ടച്ചേരി സ്വദേശിയായ കെ. പ്രേം സദൻ കുറച്ചു കാലം മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. പുങ്ങംചാൽ കളരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള രണ്ടര ഏക്കർ പാടത്ത് ജ്യോതി, ഉമ എന്നിവയാണ് വിളഞ്ഞത്. വെസ്റ്റ് എളേരി കൃഷി ഭവൻ പരിധിയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം.