തൃക്കരിപ്പൂർ: സ്ഥലം സംബന്ധിച്ച തർക്കം നീങ്ങിയെങ്കിലും സൗത്ത് തൃക്കരിപ്പൂർ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണം പിന്നെയും നീളുന്നു. പദ്ധതിക്കായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലം കാടുകയറി നശിക്കുമ്പോഴാണ് കരാറുകാരന്റെ അനാസ്ഥ മൂലം കെട്ടിട നിർമ്മാണം നാളുന്നത്.
സി.പി.എം- മുസ്ലീം ലീഗ് കക്ഷികൾ തമ്മിൽ ആശുപത്രി നിർമ്മിക്കേണ്ട സ്ഥലം സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇളമ്പച്ചിയിൽ സർക്കാർ ഹോമിയോ ആശുപത്രി അനുവദിക്കുകയും സ്ഥലം എം.എൽ.എ എം. രാജഗോപാലന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം നീക്കിവയ്ക്കുകയും ചെയ്തിരുന്നു. കെട്ടിടം പണിയാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 12 സെന്റ് സ്ഥലവും അനുവദിച്ചു. എന്നാൽ അനുവദിച്ച ഹോമിയോ ആശുപത്രി ഇളമ്പച്ചിയിലെ തൃക്കരിപ്പൂർ വീവേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്ക് പരിസരത്ത് പണിയണമെന്ന് സി.പി.എമ്മും, പുതിയ കെട്ടിടം അവിടെനിന്നും ഏകദേശം നൂറ്റമ്പത് മീറ്റർ വടക്ക് മാറി ഹെൽത്ത് സെന്ററിന് പരിസരത്തു പണിയണമെന്ന് പ്രാദേശിക മുസ്‌ലീം ലീഗും ആവശ്യം ഉന്നയിച്ചതോടെ കെട്ടിട നിർമ്മാണം വൈകി.
ഇരു കക്ഷികളുടെയും പിടിവാശി കാരണം ആശുപത്രി നിർമ്മാണം പൂർണ്ണമായും മുടങ്ങുമോയെന്ന ആശങ്ക ഉയർന്നതോടെയാണ് ഇരുപക്ഷവും ചർച്ചചെയ്ത് തർക്കം പരിഹരിച്ചത്. എന്നാൽ തർക്കം തീർന്ന് പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശിച്ചെങ്കിലും നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ മാസങ്ങളായിട്ടും സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ല.