te-abdulla
ടി.ഇ അബ്ദുള്ള

കാസർകോട്: മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയെ കാസർകോട് നഗരസഭയിൽ മത്സരത്തിനിറക്കാൻ മുസ്ലിം ലീഗ്. മൂന്ന് തവണ നഗരസഭ അദ്ധ്യക്ഷപദവിയിലിരുന്ന അദ്ദേഹത്തെ മത്സരിപ്പിക്കാൻ അനുമതി തേടി ലീഗ് മുനിസിപ്പൽ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.

ടി.ഇ. അബ്ദുല്ലയെ മുന്നിൽ നിർത്തി നഗരസഭാ ഭരണം നിലനിർത്താനും അദ്ദേഹത്തെ വീണ്ടും ചെയർമാൻ ആക്കാനുമാണ് നീക്കം. ലീഗ് നഗരസഭാ സ്ഥാനാർത്ഥികളെ മൂന്ന് ദിവസങ്ങൾക്കകം തീരുമാനിക്കും. വൈസ് ചെയർമാൻ എൽ.എ. മഹ്മൂദ് ഹാജി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി.എം മുനീർ എന്നിവർക്ക് ഈ തിരഞ്ഞെടുപ്പിലും അവസരം കൊടുക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. 23 വാർഡുകളിലാണ് ലീഗ് മത്സരിക്കുന്നത്. 13 വാർഡുകളിൽ കോൺഗ്രസും മത്സരിക്കും. ആർ.എസ്.പിയടക്കമുള്ള ഘടകകക്ഷികൾക്കായി രണ്ട് വാർഡുകളും നീക്കിവച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിന്റെ ഭാഗമായി വാർഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും യോഗം ഇന്നലെ രാത്രി ചേർന്ന് ചർച്ച നടത്തിയിട്ടുണ്ട്. നഗരസഭയിൽ കടുത്ത മത്സരം തന്നെ നടത്താനുള്ള ചരടുവലികളാണ് ബി.ജെ.പി മുന്നണിയുടെ നീക്കം. നിലവിലുള്ള വാർഡുകൾ നിലനിർത്തുന്നതോടൊപ്പം എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താനും സ്വതന്ത്രന്മാർ അടക്കമുള്ളവരെ പരീക്ഷിക്കുന്നതിനും ബി.ജെ.പി നേതൃത്വം നീക്കം ശക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണെന്ന് എൻ.ഡി.എ നേതൃത്വം പറഞ്ഞു.