തലശ്ശേരി: തലശ്ശേരിയിൽ എൽ.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയായി. സി..പി.എം 40 സീറ്റിലും സി.പി.ഐ 5, ഐ.എൻ.എൽ 2, എൻ.സി. പി 1, ജെ ഡി എസ്. 1, സ്വതന്ത്രർ 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. നിലവിലെ ചെയർമാൻ സി.കെ.രമേശനും വൈസ് ചെയർപേഴ്സൺ നജ്മ ഹാഷിമും ഉൾപ്പെടെ നിലവിലുള്ള ഭരണസമിതി അംഗങ്ങളിൽ ഭൂരിപക്ഷം പേരും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിലില്ല. പകരം പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കുമാണ് കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുള്ളത് .
ജെ.ഡി.എസിന് ഇതാദ്യമായാണ് സീറ്റ് അനുവദിക്കുന്നത്. കുയ്യാലി വാർഡിൽ സുകുമാരൻ മൂർക്കോത്താണ് ജെ.ഡി.എസ് സ്ഥാനാർത്ഥി. കാരായി ചന്ദ്രശേഖരന്റെ ഭാര്യ ഐ.അനിത ഇത്തവണ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ട ചിള്ളക്കര വാർഡിൽ നിന്നാണ് അവർ മത്സരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇവർ ചെയർപേഴ്സൺ ആകാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരന് ചെറിയ കാലയളവിൽ സ്ഥാനം ഒഴിയേണ്ടിവന്നിരുന്നു..
സി.പി.എമ്മിലെ വിവാദ രാഷ്ട്രീയ നായകൻ സി.ഒ.ടി നസീറിന്റെ ജ്യേഷ്ഠൻ സി.ഒ.ടി. ഷബീർ കായ്യത്ത് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗം വാഴയിൽ ശശി പെരുങ്കളം വാർഡിൽ മത്സരിക്കും. എൽ.ഡി.എഫ് ജയിച്ചാൽ വൈസ് ചെയർമാനാകാൻ സാദ്ധ്യതയുള്ളയാളാണ് അദ്ദേഹം. എസ്.എഫ്.ഐ നേതാവ് അഡ്വ. എം.കെ. ഹസ്സൻ ചേറ്റംകുന്ന് വാർഡിൽ സ്ഥാനാർത്ഥിയാണ്. പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി സി. സോമൻ കുട്ടിമാക്കൂലിൽ സ്ഥാനാർത്ഥിയാണ്. സി.പി.ഐയിലെ പ്രമുഖ നേതാക്കളായ അഡ്വ. ശ്രീശൻ ചന്ത്രോത്ത് വാർഡിലും എൻ. രേഷ്മ തിരുവങ്ങാട്ടും മത്സരിക്കുന്നുണ്ട്.