കാസർകോട്: കുഞ്ചത്തൂരിലെ ഭിന്നശേഷിക്കാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കർണാടക ഗദക് രാമപൂർ സ്വദേശിയും തലപ്പാടി ദേവിപുരയിൽ താമസക്കാരനുമായ ഹനുമന്തയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അപകടമരണമാക്കി തീർക്കാനുള്ള ശ്രമം നടന്നതായി പൊലീസിന് സൂചനയും ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഷൈൻ, എസ്.ഐ രാഘവൻ എന്നിവരാണ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കുഞ്ചത്തൂർ പദവിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. സമീപത്ത് സ്‌കൂട്ടർ മറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. സ്‌കൂട്ടർ അപകടത്തിൽ ഹനുമന്ത മരിച്ചുവെന്നാണ് ആദ്യം കരുതിയത്.

തലയിൽ രണ്ട് ചെറിയ മുറിവുകൾ മാത്രമാണുണ്ടായിരുന്നത്. സ്‌കൂട്ടറിനും കേടുപാടുണ്ടായിരുന്നില്ല. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്ത് വിദഗ്ദ്ധ പോസ്റ്റുമോർട്ടം നടത്തി. കഴുത്തിൽ വിരലമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മംഗളൂരുവിൽ ഹോട്ടൽ നടത്തിപ്പുകാരനാണ് ഹനുമന്ത. ഇയാളെ വാഹനത്തിൽ തട്ടികൊണ്ടുവന്നതിന് ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.