പിലിക്കോട്: കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള പിലിക്കോട്ട് കാർഷിക പഠന കേന്ദ്രം കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ പുതുതലമുറക്ക് പകരാൻ തയ്യാറെടുക്കുന്നു. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടി.എസ്.തിരുമുമ്പിന്റെ പേരിൽ രണ്ട് കോടി രൂപ ചെലവഴിച്ചാണ് കാർഷിക സാംസ്ക്കാരിക പഠന കേന്ദ്രത്തെ ഒരുക്കുന്നത്. പദ്ധതിയിലേക്കായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു. പരമ്പരാഗത കാർഷിക ഉപകരണങ്ങളായ നുകം, വെള്ളിക്കോൽ, ഏത്താം കൊട്ട, വിത്ത് പൊതി, ജലച്ചക്രം, കട്ടക്കുഴ എന്നിവയെല്ലാം കാർഷിക പഠനകേന്ദ്രത്തിൽ പ്രദർശനത്തിന് വയ്ക്കും.
ഔഷധ ഹരിതവനം, നെല്ല്, ഗോതമ്പ് വയലുകൾ, വിവിധ തരം ഫാമുകൾ, കുട്ടികൾക്ക് പാർക്ക്, കാർഷികോല്പന്ന പ്രദർശനം എന്നിവയെല്ലാം പഠനകേന്ദ്രത്തിന്റെ ഭാഗമായി ഒരുക്കും. ഉപകരണങ്ങൾ നൽകുന്നവർക്ക് തക്കതായ പ്രതിഫലം കാർഷിക സർവ്വകലാശാല നൽകും. താല്പര്യമുള്ളവർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടണം. പ്രതിഫലം സ്വീകരിക്കാത്തവരുടെ പേരുകൾ ഉപകരണത്തിനൊപ്പം പ്രദർശിപ്പിക്കും. രണ്ട് പതിറ്റാണ്ട് മുമ്പാണ് തിരുമുമ്പ് ഭവനം കാർഷിക സർവ്വകലാശാല ഏറ്റെടുത്തത്.