ഉരുവച്ചാൽ: ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദ്ദനം. ഉരുവച്ചാൽ ടൗണിൽ ഇന്നലെ വൈകുന്നേരം 4 ഓടെയാണ് സംഭവം. മാലൂർ ഭാഗത്തേക്ക് പോവുന്ന സ്വകാര്യബസ് ഉരുവച്ചാലിൽ ഏറെ നേരംനിർത്തി യിട്ടെന്ന് ആരോപിച്ചുണ്ടായ വാക്ക് തർക്കമാണ് ബസിനകത്ത് അടിപിടിയിൽ കലാശിച്ചത്.

ബസ് സർവീസ് കുറവായ മാലൂർ റൂട്ടിൽ ഏതാനും യാത്രക്കാരെ ബസിൽ ഉ ണ്ടായിട്ടുള്ളൂ. ബസിലെ ഒരു യാത്രക്കാരൻ അത്യാവശ്യസാധനം വാങ്ങാൻ കടയിൽ പോയി വരുന്നത് കാത്തിരുന്നതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. കണ്ടക്ടറും യാത്രക്കാരനും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ ഹോംഗാർഡ് എത്തിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അടിപിടിയിൽ കണ്ടക്ടർ മാലൂരിലെ സഹലിന് കൈക്കും മുഖത്തും പരിക്കേറ്റു. മട്ടന്നൂർ എസ്.ഐ എം.പി ഷാജിയും സംഘവും സ്ഥലത്തെത്തിയ ശേഷമാണ് ബസ് പുറപ്പെട്ടത്.