കാസർകോട് : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ എം.സി.ഖമറുദ്ദീൻ എം. എൽ. എ യെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. തനിക്ക് ഒന്നും അറിയില്ലെന്നും ബ്ളാങ്ക് ചെക്കുകളിൽ ഒപ്പിട്ടു നൽകുകയാണ് ചെയ്തതെന്നും ഖമറുദ്ദീൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ട ഖമറുദ്ദീനെ ഇന്നലെ രാത്രി എട്ട് മണിവരെ കാസർകോട് എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ ചോദ്യം ചെയ്യൽ പുനരാരംഭിച്ചു.
ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും അറിയില്ലെന്നും ഞാൻ പേരിനൊരു ചെയർമാൻ മാത്രമായിരുന്നു എന്നാണ് ഖമറുദ്ദീൻ മറുപടി നൽകിയത്. കേസിന് ബലം കിട്ടാൻ വേണ്ടി പലരും തന്റെ പേര് പറഞ്ഞതാണ്. താൻ മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകൻ ആയതിനാൽ എല്ലാ കാര്യങ്ങളിലും തീരുമാനം എടുത്ത് നടപ്പിലാക്കാൻ മാനേജിംഗ് ഡയറക്ടർ ടി. കെ പൂക്കോയ തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. തങ്ങളാണ് സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയത്. മറ്റു കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും ഖമറുദ്ദീൻ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ ഇക്കാര്യം ജൂവലറി കമ്പനിയുടെ മിനിട്ട്സിൽ ഇല്ലല്ലോ എന്ന് ചോദിച്ചപ്പോൾ, അറിയില്ല എന്നായിരുന്നു ഖമറുദ്ദീന്റെ മറുപടി. ഡയറക്ടർ ബോർഡിന്റെയോ ഓഹരി ഉടമകളുടെ യോഗം ചേർന്നോ അംഗീകരിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്ഥാപനത്തിന്റെ പേരിൽ ചെറുവത്തൂരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരിക്കുന്നത് ചെയർമാനും എം.ഡിയും ഒരുമിച്ചു ആണല്ലോ എന്ന എ.എസ്.പിയുടെ ചോദ്യത്തിന് തന്നോട് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ട് വാങ്ങിക്കാറുണ്ടെന്നും അതെന്തിനാണെന്ന് അന്വേഷിക്കാൻ തിരക്ക് കാരണം കഴിഞ്ഞിട്ടില്ലെന്നുമാണ് ഖമറുദ്ദീൻ മൊഴി നൽകിയത്.
ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്തു ക്രൈംബ്രാഞ്ചിന് കൈമാറിയ 77 കേസുകളിൽ 4 കേസുകളിൽ മാത്രമാണ് ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡി കാലാവധിക്ക് ശേഷം മറ്റു കേസുകളിൽ ഓരോന്നായി അറസ്റ്റ് രേഖപ്പെടുത്തും. നിക്ഷേപകരുടെ പണം ഏതെല്ലാം വിധത്തിൽ വിനിയോഗിച്ചെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സ്വർണവും സ്വത്തും കാറും മറിച്ചുവിറ്റുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളൊന്നും കമ്പനിയുടെ ആസ്തി രേഖകളിലില്ല. ബംഗളൂരുവിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയതിലും 10 കോടിക്ക് ബിനാമി ഭൂമി ഇടപാട് നടത്തിയതിലും ഖമറുദ്ദീന് പങ്കാളിത്തമുണ്ട്. ഒന്നാം പ്രതി ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി. കെ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ സൈനുൽ ആബിദീൻ, തങ്ങളുടെ മകൻ എ. പി ഇഷാം എന്നിവർക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.