ഒരാഴ്ചയ്ക്കിടെ മരിച്ചത് 3 പേർ
കണ്ണൂർ: കാസർകോട് ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഏർപ്പെടുത്താത്തത് രക്തജന്യ രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാസന്ന നിലയിലാവുന്ന രോഗികളെ പലപ്പോഴും മംഗളൂരുവിൽ കൊണ്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. പലപ്പോഴും അവിടെ വേണ്ടത്ര വിദഗ്ധ ചികിത്സ കിട്ടാതെ രോഗികൾ മരണത്തിനിരയാവുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു പേരാണ് രക്തജന്യ രോഗം ബാധിച്ച് കാസർകോട്ട് മാത്രം മരണപ്പെട്ടത്. യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. മെഗ്രാൽ സ്വദേശിയായ യുവാവാണ് ഏറ്റവും ഒടുവിലായി മരിച്ച തലാസീമിയ രോഗി. മഞ്ചേശ്വരം സ്വദേശിയും ചേരൂൽ സ്വദേശിയും കഴിഞ്ഞദിവസങ്ങളിലാണ് മരിച്ചത്.
എല്ലാ ജില്ലാ ആസ്ഥാനത്തും തലാസീമിയ രോഗികൾക്കും മറ്റ് മാരക രക്തജന്യ രോഗികൾക്കുമായി വിദഗ്ധചികിത്സാ കേന്ദ്രം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കാസർകോട് ജില്ലയിൽ ഇതിന്റെ പ്രയോജനം വേണ്ട വിധം ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയാണ് വിദഗ്ധ ചികിത്സകേന്ദ്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെ ഇതിന്റെ നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ജില്ലാ ആശുപത്രി സമ്പൂർണ്ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാൽ രക്തജന്യരോഗികൾക്ക് ഗത്യന്തരമില്ലാത്ത സ്ഥിതിയാണ്. ദാതാവിനെയുമായി ചെന്നാൽ രക്തം എടുത്തുകൊടുക്കുന്ന ഒരു സേവനം മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. കിട്ടിയ രക്തവുമായി അതുകയറ്റിക്കിട്ടാൻ പിന്നെ കാസർകോട് ജനറൽ ആശുപത്രിയിലോ നീലേശ്വരം ആശുപത്രിയിലോ പോകണം. ഈ പ്രയാസം ഓർത്ത് പല രോഗികളും മംഗളൂരുവിലേക്കാണ് പോകുന്നത്. കൊവിഡ് കാരണം യഥാസമയം ആശുപത്രിയിൽ ചെല്ലാനും ചികിത്സ നടത്താനും കഴിയാത്തതും രോഗാവസ്ഥ ഗുരുതരമാക്കുന്നുണ്ട്.
രക്തജന്യ രോഗികൾക്ക് കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഏർപെടുത്താനും വർധിച്ചുവരുന്ന മരണങ്ങൾ തടയാനും അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകുന്നുണ്ട്'-
കരീം കാരശ്ശേരി, സ്റ്റേറ്റ് ജനറൽ കൺവീനർ ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള