കണ്ണൂർ: ലോക്‌ഡൗണിനെ തുടർന്ന് അടച്ചിട്ട കക്കാട് സ്പിന്നിംഗ് മിൽ ഏഴ് മാസം പിന്നിട്ടിട്ടും തുറന്നിട്ടില്ലെന്നും ഇതോടെ ജോലിയും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്നും തൊഴിലാളികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡിനെ തുടർന്ന് മാർച്ച് 23നാണ് സ്ഥാപനം അടച്ചിട്ടത്.

300 സ്ഥിരം ജീവനക്കാരും 200 താൽക്കാലിക ജീവനക്കാരും മറ്റ് അനുബന്ധ തൊഴിലാളികളുമടക്കം 600ലധികം തൊഴിലാളികൾ ഈ സ്ഥാപനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിലെ സ്വകാര്യ-പൊതുമേഖലയിലുള്ള മുഴുവൻ മില്ലുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എൻ.ടി.സി മില്ലുകൾ മാത്രം തുറന്ന് പ്രവർത്തിക്കാനുള്ള യാതൊരു നടപടിയും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കൂടാതെ അടച്ചിട്ട മാസങ്ങളിൽ എല്ലാ വിഭാഗം തൊഴിലാളികൾക്കും മുഴുവൻ വേതനവും നൽകണമെന്ന കേന്ദ്ര സർക്കാർ നിർദേശവും മാനേജമെന്റ് പാലിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. അനുകൂല മറുപടിയുണ്ടാകാത്ത സാഹചര്യത്തിൽ നാളെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചു. തുടർന്ന് രാജ്ഭവനിലേക്ക് മാർച്ചും എൻ.ടി.സിയുടെ കോയമ്പത്തൂർ സതേൺ റീജിണൽ ഓഫീസിന് മുന്നിലും സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘടനാ നേതാക്കളായ വി.വി ശശീന്ദ്രൻ, അരക്കൻ ബാലൻ (സി.ഐ.ടി.യു), ഡി രതീശ് ബാബു (ബി.എം.എസ്), എ. സുഹാസനൻ (എൻ.എൽ.യു) എന്നിവർ സംബന്ധിച്ചു.