നീലേശ്വരം: സ്വന്തം വാർഡിൽ കടത്ത് തോണി ഇറക്കിയതിനും നടപ്പാലം അറ്റകുറ്റപ്പണി ചെയ്തതിലും മുൻ കൗൺസിലർക്ക് നഗരസഭ കടമാക്കിയത് 1,59,700 രൂപ. 2010- 15 കാലയളവിൽ നീലേശ്വരം നഗരസഭയിൽപെട്ട കടിഞ്ഞിമൂല വാർഡിനെ പ്രതിനിധീകരിച്ച കെ.വി. അമ്പാടിക്കാണ് ഇതിനു ശേഷം ഒരു കൗൺസിലിന്റെ കാലാവധി കഴിയുമ്പോഴും കടം ബാക്കി നിൽക്കുന്നത്.
വാർഡിലെ മാട്ടുമ്മൽ നടപ്പാലം കടന്നുപോകുന്നതിനിടയിൽ അമ്മയും കുഞ്ഞും കാൽതെറ്റി പുഴയിൽ വീണതോടെയാണ് ഇവിടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്ന് അമ്പാടി കൗൺസിലിനെ അറിയിച്ചത്. തുരുത്തി നിലമംഗലം ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം അടുത്തുവന്ന സമയം കൂടിയായിരുന്നു അത്. കടിഞ്ഞിമൂലയിലുള്ളവർക്ക് മാട്ടുമ്മൽ പുഴ കടന്നു വേണം കോട്ടപ്പുറം വഴി തുരുത്തിയിലെത്താൻ. അമ്പാടി അറിയച്ചതനുസരിച്ച് പിറ്റേന്നു തന്നെ വിഷയം മുൻനിർത്തി നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ചേർന്നു. മാട്ടുമ്മൽ കടവിൽ കടത്തു തോണി ഏർപ്പെടുത്താനും പാലം അറ്റകുറ്റപ്പണി ചെയ്യാനും വാർഡ് കൗൺസിലറായ ഇദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തി. ഫണ്ട് അനുവദിക്കാമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.
കൗൺസിലിന്റെ തീരുമാനം വിശ്വസിച്ച് പിറ്റേന്നു തന്നെ അമ്പാടി കടത്തു തോണിയും കടത്തുകാരനെയും ഏർപ്പാട് ചെയ്തു. ഇതോടൊപ്പം കടം വാങ്ങിയും മറ്റും നടപ്പാലം അറ്റകുറ്റപ്പണിയും പൂർത്തിയാക്കി. കടത്തുകാരന് അമ്പാടി സ്വന്തം കൈയിൽ നിന്ന് എടുത്ത് കൂലിയും കൊടുത്തു. മൂന്നു മാസം കഴിഞ്ഞ് ചെലവായ 1,59,700 രൂപയുടെ ബില്ല് കൊടുത്തപ്പോൾ അതുവരെയില്ലാത്ത സാങ്കേതിക തടസം. അതിനിടയിൽ അമ്പാടി പ്രതിനിധീകരിച്ച കൗൺസിലിന്റെ കാലാവധിയും തീർന്നു. പിന്നാലെ വന്ന കൗൺസിലിന്റെ ഓഫീസ് എത്ര തവണ കയറിയിറങ്ങിയെന്ന് അമ്പാടിക്ക് തന്നെ നിശ്ചയമില്ല. ഓരോ സമയത്തും ഓരോ കാരണം.
അമ്പാടി കൗൺസിലറായ സമയത്തുള്ള ചെയർപേഴ്സൺ തൊട്ടുപിന്നാലെ വന്ന കൗൺസിലിന്റെ വൈസ് ചെയർപേഴ്സണായിരുന്നു. പണം കൊടുക്കാനുണ്ടെന്ന് അവരും സമ്മതിക്കുന്നു. സാങ്കേതിക വിഷയം തന്നെയാണ് അവരും തടസമായി പറയുന്നത്.
നഗരസഭയെയും കൗൺസിലിനെയും വിശ്വാസത്തിലെടുത്താണ് നാട്ടുകാർക്കുവേണ്ടി സേവനം ചെയ്തത്. ഇങ്ങനെയൊരു ഗതി വരുമെന്ന് കരുതിയില്ല.
കെ.ടി. അമ്പാടി
ടെൻഡർപോലും ക്ഷണിക്കാതെയാണ് പണി എടുത്തത്. കൃത്യമായ രേഖകളും ഇദ്ദേഹത്തിന് ഹാജരാക്കാനായിട്ടില്ല.
നഗരസഭ അധികൃതർ