ചെറുവത്തൂർ: ചക്രപുരം ശ്രീനരസിംഹ ലക്ഷ്മി നാരായണ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ധ്വജപ്രതിഷ്ഠ തൈലാധിവാസത്തിനായി എണ്ണത്തോണിയിൽ പ്രവേശിപ്പിക്കുന്ന ചടങ്ങ് ആചാരപ്പെരുമയോടെ നടന്നു. തച്ചുശാസ്ത്ര വിദഗ്ദ്ധർ ചെത്തിമിനുക്കി 21 ഇനം ഔഷധങ്ങളെക്കൊണ്ട് 21 ദിവസമായുള്ള ലേപനം നടത്തി തയ്യാറാക്കിയ തേക്ക് മരമാണ് ഇന്നലെ ഉച്ചക്ക് 12 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ നേരത്തെ തയ്യാറാക്കി വെച്ച എണ്ണത്തോണിയിൽ പ്രവേശിപ്പിച്ചത്.

തന്ത്രി തരണനെല്ലൂർ തെക്കിനേടത്ത് പത്മനാഭൻ ഉണ്ണി നനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് ശേഷം അമ്പലം വലംവച്ച്‌ എണ്ണത്തോണിയിൽ നിക്ഷേപിച്ച തേക്ക് മരത്തിൽ എണ്ണയൊഴിച്ച്കൊണ്ട് ചടങ്ങിന് തുടക്കമായി. ഏകദേശം 50 ടിൻ എണ്ണയാണ് ഇന്നലെ തോണിയിൽ പകർന്നത്. ഒരു വർഷക്കാലം ഈ നിലയിൽ കിടക്കുന്ന തോണിയിലേക്ക് ഭക്തജനങ്ങൾക്ക് എണ്ണ ഒഴിക്കാം.

2021 ഏപ്രിൽ മാസത്തിൽ നടക്കുന്ന ധ്വജപ്രതിഷ്ഠാദിനം വരെ ഈ എണ്ണത്തോണി ഇത്തരത്തിൽ നിലനിൽക്കും. ധ്വജ പ്രതിഷ്ഠ ജനറൽ കൺവീനർ പി.ടി ഹരിഹരൻ, വർക്കിംഗ് ചെയർമാൻ കരിമ്പിൽ കൃഷ്‌ണൻ, കരിമ്പിൽ വിശ്വനാഥൻ, കെ.എൻ വാസുദേവൻ നായർ, രാധാകൃഷ്‌ണൻ നമ്പ്യാർ, എം. മനേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.