കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുതുമുഖങ്ങളെ രംഗത്തിറക്കാൻ ആലോചിക്കുന്നു. 26 വാർഡുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇവയിൽ ജയസാദ്ധ്യതയുള്ള വാർഡുകളിൽ ഉൾപ്പെടെ പഴയവരെ ആരെയും വേണ്ടെന്നാണ് നേതൃത്വം പറയുന്നത്. നഗരസഭ കാര്യാലയം ഉൾക്കൊള്ളുന്ന വാർഡ് 14 ൽ കോളേജ് അദ്ധ്യാപിക നസീമയുടെ പേരാണ് കേൾക്കുന്നത്. കണ്ണൂർ യുണിവേഴ്‌സിറ്റി റിട്ട. വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാടിന്റെ ഭാര്യയാണ് നസീമ.

നിലവിലുള്ള ചെയർമാൻ വി.വി രമേശൻ മത്സരിക്കുമെന്ന് കരുതുന്ന മാതോത്ത് വാർഡിൽ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ ലക്ഷ്മണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ചെമ്മട്ടംവയൽ വാർഡിൽ എ. പുരുഷോത്തമൻ, അനിൽകുമാർ എന്നിവരുടെ പേരുകളും എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വാർഡിൽ എം. കുഞ്ഞികൃഷ്ണൻ, എച്ച്. അശോക് ഹെഗ്‌ഡെ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

അടമ്പിൽ വാർഡിൽ അങ്കൻവാടി വർക്കർ എ ലക്ഷ്മിയുടെയും മുൻകൗൺസിലർ കുസുമത്തിന്റെയും പേരുകൾ ഉണ്ട്. നെല്ലിക്കാട്ട് വാർഡിൽ റിട്ട. അദ്ധ്യാപകൻ എൻ.കെ ബാബുരാജിന്റെ പേരിനാണ് മുൻതൂക്കം. സ്ഥാനാർത്ഥി നിർണ്ണയം ഈ മാസം 15 ഓടെ പൂർത്തിയാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണൻ പറഞ്ഞു. 43 വാർഡുകളുള്ള നഗരസഭയിൽ 16ൽ മുസ്ലീംലീഗും 26ൽ കോൺഗ്രസും ഒരു വാർഡിൽ സി.എം.പിയുമാണ് മത്സരിക്കുന്നത്. അതിയാമ്പൂരാണ് സി.എം.പിക്ക് നീക്കിവച്ചിട്ടുള്ളത്.