കണ്ണൂർ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പെടെ മൂന്ന് പേരിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പത്രിക സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ ഹാൾ ഒരുക്കണം. ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ ആളുകൾക്ക് മാത്രമേ ഹാളിൽ പ്രവേശനം അനുവദിക്കൂ.

ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കണം. പത്രിക സമർപ്പിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ആവശ്യമെങ്കിൽ സ്ഥാനാർത്ഥികൾക്ക് മുൻകൂർ സമയം അനുവദിക്കാം. ഒരു സമയം ഒന്നിലധികം സ്ഥാനാർത്ഥികൾ വരുന്ന പക്ഷം സാമൂഹികഅകലം പാലിച്ച് വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കണം.

സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെലാൻ/ രസീത് ഹാജരാക്കണം. പത്രിക സമർപ്പിക്കാൻ വരുന്ന സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ.

സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.

കണ്ടെയ്ൻമെന്റ് സോണിലോ ക്വാറന്റൈനിലോ ഉള്ളവർ മുൻകൂട്ടി അറിയിക്കണം
സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കിൽ നിർദ്ദേശകൻ മുഖാന്തിരം നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം