പയ്യന്നൂർ: നഗരസഭയിൽ ഇടതുസ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്ക് കൂടുതൽ പ്രാധാന്യം നൽകിയ പട്ടികയിൽ 33 പേർ പുതുമുഖങ്ങളാണ്. അഞ്ച് പേർ മാത്രമാണ് നിലവിലുള്ള ഭരണസമിതിയിൽ നിന്നുള്ളത്.
ആകെയുള്ള 44 വാർഡുകളിൽ 36 വാർഡുകളിൽ സി.പി.എം. മത്സരിക്കും. രണ്ട് വാർഡുകളിൽ സി.പി.ഐയും ഒന്നു വീതം വാർഡുകളിൽ കോൺഗ്രസ് എസ്, ജനതാദൾ -എസ്, എൻ.സി.പി, ലോക് താന്ത്രിക് ജനതാൾ എന്നീ ഘടകകക്ഷികളും പെരുമ്പ പതിനാറാം വാർഡിൽ ഇടതു സ്വതന്ത്രനായി ബി. കൃഷ്ണനും ജനവിധി തേടും. ഇക്കുറി ചെയർമാൻ സ്ഥാനം വനിതാ സംവരണമായതിനാൽ മുൻ ചെയർപേഴ്സൺ കെ.വി. ലളിതയെ പന്ത്രണ്ടാം വാർഡിൽ നിന്ന് മത്സരത്തിനിറക്കിയിട്ടുണ്ട്. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, എം. ആനന്ദൻ, ഇ. ഭാസ്കരൻ, കെ.യു. രാധാകൃഷ്ണൻ എന്നിവർ ഇക്കുറി മത്സരരംഗത്തുണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.വി. കുഞ്ഞപ്പൻ 20ാം വാർഡിലും എം. സഞ്ജീവൻ 28ലും മത്സരിക്കുന്നു.
മുൻ എം.പി. ടി. ഗോവിന്ദന്റെ മകനും ഡി.വൈ.എഫ്.ഐ.നേതാവുമായ എം. പ്രസാദ് 25ാം വാർഡിൽ നിന്ന് ജനവിധി തേടും. വി.കെ. നിഷാദ്, പി. ഷിജി, ടി.പി. അനിൽകുമാർ, എം.പി. ചിത്ര തുടങ്ങിയ യുവജന സംഘടനാ നേതാക്കളും മത്സര രംഗത്തുണ്ട്. സി.പി.ഐ നേതാവും നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.ബാലൻ 35 ാം വാർഡിലും കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് പി.ജയൻ 39 ലും മത്സരിക്കും. ഐ.എൻ.എല്ലിലെ ഇഖ്ബാൽ പോപ്പുലർ 15 ാം വാർഡിൽ സ്ഥാനാർത്ഥിയാണ്.