മാഹി: പുതുശ്ശേരിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ാം തീയതിക്കുള്ളിൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. വാർഡ് പുനർനിർണ്ണയം കഴിഞ്ഞാൽ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ നവംബർ 30ാം തീയതിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ടി. അശോക് കുമാറാണ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.
പുതുശ്ശേരിയിൽ വാർഡ് പുനർനിർണ്ണയം 2019 മാർച്ചിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 38 വർഷത്തിനു ശേഷം 2016 ൽ അഡ്വ. ടി. അശോക് കുമാർ നൽകിയ പൊതുതാൽപര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.2011 ന് ശേഷം പലതവണ കോടതി ഉത്തരവ് ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഈ മാസം 30ാം തീയതിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു.