hospital
അഞ്ചരക്കണ്ടിമെഡി.കോളേജ്

കണ്ണൂർ: ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് തിരികെ കൈമാറി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവായി. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. മെഡിക്കൽ പി .ജി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ നിർദേശം.വിദ്യാർത്ഥികളുടെ ഹർജിയിൽ പ്രിൻസിപ്പലിനെയും മാനേജറെയും അറസ്റ്റു ചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.

തുടർന്ന് കൊവിഡ് രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പൂർണമായ നിയന്ത്രണം കോളേജ് അധികൃതർക്ക് കൈമാറാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയാറാണെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതോടെയാണ് വ്യക്തമായ മാർഗ നിർദേശങ്ങളോടെ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. കോളേജ് അധികാരികൾ ആശുപത്രി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും കൊവിഡ് ചികിത്സയും സംബന്ധിച്ച് വിശദമായ കർമ പദ്ധതി തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകണമെന്നതാണ് ഇതിലൊന്ന്.

ആശുപത്രി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ കുറഞ്ഞത് 200 കൊവിഡ് രോഗികൾക്ക് ചികിത്സ നൽകണമെന്നും 15 ഐ.സി.യു കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. ആശുപത്രി പ്രവർത്തനം സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് നടത്തണം. ആശുപത്രി ജീവനക്കാർക്ക് കൊവിഡ് ചികിത്സയ്ക്കാവശ്യമായ പരിശീലനം നൽകണം. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് നിലവിൽ കൊവിഡ് ചികിത്സയ്ക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരെ പിൻവലിക്കാം.

നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളെ മെഡിക്കൽ കോളേജ് സൗജന്യമായി തന്നെ തുടർന്നും ചികിത്സിക്കണം. കൈമാറ്റത്തിന് ശേഷം പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ നിന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരക്ക് മാത്രമേ ഈടാക്കാവൂ. ആശുപത്രിയെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്യും. ജില്ലാ ആരോഗ്യ വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.