കണ്ണൂർ: ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് തോട്ടട സ്വദേശി കെ.സ്നേഹ. കിഴുന്ന 36ാം വാർഡിൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ മത്സരിക്കുന്നത്. ഒരു മാറ്റത്തിനുവേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് സ്നേഹ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് വിലപ്പെട്ട വോട്ടെന്നും പറഞ്ഞ് പലരും വന്ന് ഭരിച്ചു പോയിട്ടും ഇതുവരെ ഇവിടെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന തനിക്ക് നാടിന് വേണ്ടി പലതും ചെയ്യാനുണ്ടെന്നും സ്നേഹ പറയുന്നു.
നിലവിൽ തന്റെ പ്രദേശത്ത് നല്ലൊരു ഡിസ്പെൻസറിയില്ല, ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് തന്നെ വേണം ചുരുങ്ങിയത്
150 രൂപ. മരുന്നിനും മറ്റുമായി വലിയ തുക വേറെയും. പാവപ്പെട്ടവർ ഇതെങ്ങനെ താങ്ങും. ഇങ്ങനെ തുടങ്ങി നാട്ടിൽ ടോയ്ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ ആശങ്കയും പങ്കുവയ്ക്കുകയാണ് സ്നേഹ. താൻ വിജയിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും സ്നേഹ ഉറപ്പു നൽകുന്നു.
സർജറി കഴിഞ്ഞ് സ്വന്തം വ്യക്തിത്വത്തിൽ തിരഞ്ഞെടുപ്പ് കാർഡ് ലഭിച്ചിട്ട് രണ്ടു വർഷമായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കന്നി വോട്ടും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി മൂന്ന് മേയർമാർ മാറിമാറി ഭരിച്ചിട്ടും കണ്ണൂർ കോർപ്പറേഷൻ എന്ത് വികസനമാണ് നേടിയതെന്നും സ്നേഹ ചോദിക്കുന്നു. നന്മ കുടുംബശ്രീ അംഗമായ സ്നേഹ മേഴ്സ് ചിപ്സ് എന്ന സംരംഭത്തിന്റെ സെക്രട്ടറി കൂടിയാണ്. കൊവിഡിനെ തുടർന്ന് ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും കച്ചവടം ഒന്നു കൂടി വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് സ്നേഹയും സംഘവും. എന്നാൽ കുടുംബശ്രീയിൽ നിന്ന് പാസ്സായിട്ടുള്ള രണ്ടു ലക്ഷം രൂപ ഇതുവരെ കിട്ടാത്തതാണ് തടസമാകുന്നത്.
സുഹൃത്തുകളും നാട്ടുകാരും വലിയ പിന്തുണയാണ് നൽകുന്നതെന്ന് സ്നേഹ പറഞ്ഞു. ഒപ്പം ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയുടെ ആരോഗ്യ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുരക്ഷ പദ്ധതിയിലുള്ളവരും എല്ലാ പിന്തുണയും നൽകി വരുന്നു. നല്ലൊരു മാറ്റത്തിനായി താൻ വിജയിക്കുമെന്ന പ്രതീക്ഷയിൽ അടുത്ത ദിവസങ്ങളിലായി പ്രചാരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹ.
നിരവധി പ്രതിസന്ധികളിലൂടെ കടന്നു വന്നിട്ടുള്ളയാളാണ് ഞാൻ. അതു കൊണ്ട് തന്നെ സാധാരണക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനാണ് ആഗ്രഹം. യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ ഉണ്ടാകണം. നിലവിലുള്ള സാഹചര്യത്തിൽ നിന്നും നല്ലൊരു മാറ്റമാണ് നമ്മൾക്ക് ആവശ്യം
കെ.സ്നേഹ, സ്വതന്ത്ര സ്ഥാനാർത്ഥി, കിഴുന്ന