'പാവം രാഷ്ട്രീയക്കാരൻ' ചമയുന്നതായി അന്വേഷണസംഘം
കാസർകോട് : ഫാഷൻ ഗോൾഡ് ജുവലറിയുടെ പേരിൽ രൂപീകരിച്ച നാല് കമ്പനികളുടെ പേരിൽ
എം.സി. ഖമറുദ്ദീൻ എം.എൽ.എ നിക്ഷേപം വാങ്ങിയതും ചെലവഴിച്ചതും നിയമ വിരുദ്ധമായാണെന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കമ്പനി പാപ്പരാവുകയാണെന്ന് അറിഞ്ഞുകൊണ്ടാണ് ചെയർമാൻ ഖമറുദ്ദീനും മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളും ചേർന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപപ്പിരിവ് നടത്തിയത്. സ്ഥാപനം പൊളിഞ്ഞതായി കമ്പനി രജിസ്ട്രാറെ അറിയിക്കാതെ രണ്ടു വർഷം തുടർച്ചയായി നിക്ഷേപം വാങ്ങിയത് തട്ടിപ്പിനാണ്. കമ്പനി പൊളിഞ്ഞിട്ടും 2017 വരെ രജിസ്ട്രാർക്ക് റിട്ടേൺ ഫയൽ ചെയ്യാതിരുന്നത് നിക്ഷേപകരിൽ നിന്ന് പണം പിരിക്കാനായിരുന്നു.
കമ്പനി നിയമത്തിന് വിരുദ്ധമായാണ് സാമ്പത്തിക ഇടപാടുകൾ. 2006 ൽ ഫാഷൻ ഗോൾഡ് തുടങ്ങുമ്പോൾ 50 പേരായിരുന്നു ഓഹരി ഉടമകൾ. പിന്നീടത് 200 വരെയാകാമെന്ന് എഴുതിച്ചേർത്തു. ഷെയറും വായ്പയുമാണ് കമ്പനിയുടെ ആസ്തി. ഇത് മറച്ചുവച്ചാണ് ഓഹരി ഉടമകളാക്കാതെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകി നിക്ഷേപം സ്വീകരിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് രേഖകൾ ബോദ്ധ്യപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിൽ ഖമറുദ്ദീൻ സമ്മതിച്ചു. വരുമാനം നോക്കാതെ തോന്നിയ പോലെ ലാഭവിഹിതം നൽകിയതോടെയാണ് കമ്പനി തകർന്നത്. നോട്ടുനിരോധനത്തോടെ, വിദേശത്തു നിന്നുള്ള പണത്തിന്റെ ഒഴുക്കും നിലച്ചു.
ഖമറുദ്ദീൻ ചോദ്യം ചെയ്യലിൽ 'പാവം രാഷ്ട്രീയക്കാരൻ' ആവുകയാണെന്ന് അന്വേഷണ സംഘം പറയുന്നു. കാസർകോട് എ എസ് പി വിവേക് കുമാർ, തൃശൂർ ഐ.ആർ.പി ക്യാമ്പ് കമാൻഡന്റ് നവജ്യോത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഇന്നലെയും കൃത്യമായി ഉത്തരം നൽകാതെ ഖമറുദ്ദീൻ ഒഴിഞ്ഞുമാറി. അറിയില്ല, ഓർമ്മയില്ല, ബന്ധമില്ല തുടങ്ങിയ ഉത്തരമാണ് നൽകുന്നത്. ഞാനൊരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും പൊതുപ്രവർത്തകനുമാണ്. ചെയർമാൻ പദവി പേരിന് മാത്രമാണ്, സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടത്തിയത് എം.ഡി പൂക്കോയ തങ്ങളാണ് എന്നാണ് എം എൽ എ ബുധനാഴ്ചയും മൊഴി നൽകിയത്. പണമെടുക്കാനും നിക്ഷേപം വാങ്ങിക്കാനുമുള്ള ഒപ്പുകൾ നിങ്ങളുടേതല്ലേ എന്ന് രേഖകൾ മുന്നിൽ വച്ച് ചോദിച്ചപ്പോൾ ഖമറുദ്ദീൻ സമ്മതിച്ചു.