കണ്ണൂർ: കൊറ്റാളിയിൽ മയക്കുമരുന്ന്, മദ്യപ സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കൺട്രോൾ റൂം എസ്.ഐ മോഹനന്റെ പരാതിയിലാണ് കേസെടുത്തത്.
പൊലീസ് വാഹനം അടിച്ച് തകർത്തതിനും പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞതിനുമാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി രാമൻകടയ്ക്ക് സമീപമായിരുന്നു സംഭവം. മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്നു എന്ന വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനത്തിന് നേരെ മദ്യപസംഘം തിരിയുകയായിരുന്നു. ആദ്യം ജീപ്പിന് നേരെ കല്ലെറിഞ്ഞ സംഘം റോഡിൽനിന്ന് പ്രശ്നമുണ്ടാക്കുകയും പൊലീസ് വാഹനം തടയുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ, ടൗൺ എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, വളപട്ടണം സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായി നിരവധി വാഹനങ്ങളിലായി വൻ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. ലാത്തി ചാർജ് നടത്തിയതോടെ അക്രമി സംഘം ചിതറിയോടി. ചിലരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ട് യുവാക്കളെയും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ, കഞ്ചാവ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.