കണ്ണൂർ: കൃത്യമായ അളവിൽ ഗുണമേന്മയുള്ള ഇന്ധനം ലഭ്യമാക്കാൻ ആരംഭിച്ച സെൻട്രൽ ജയിൽ കോമ്പൗണ്ടിലെ പെട്രോൾ പമ്പിൽ നിന്നും ഒരാഴ്ചയ്ക്കകം വിതരണം തുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയൻ ജൂലായ് 31നാണ് സംസ്ഥാനത്തെ നാലു ജയിലുകളോടു ചേർന്ന് പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തത്. ജയിലിലെ ശിക്ഷാതടവുകാർ പെട്രോൾ പമ്പിൽ ഇന്ധനം നൽകുന്ന രാജ്യത്തെ ആദ്യത്തെ പെട്രോൾ പമ്പുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം, വിയ്യൂർ, ചീമേനി, കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണു പമ്പുകൾ ആരംഭിച്ചതെങ്കിലും കണ്ണൂരിൽ തടവുകാരുടെ പരിശീലനം പൂർത്തിയാകാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി) സഹകരണത്തോടെ പത്തുകോടി രൂപ മുതൽ മുടക്കിലാണ് പെട്രോൾ പമ്പ് നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. തറയിൽ ഇന്റർലോക്ക് വിരിക്കുന്ന പണി നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞമാസം പെയ്ത കനത്തമഴയിൽ പമ്പിന്റെ മതിൽ ഇടിഞ്ഞുവീണിരുന്നു. ഇതേതുടർന്ന് പ്രവൃത്തി ഏതാനും ദിവസം തടസപ്പെട്ടിരുന്നു. പമ്പ് കെട്ടിടത്തിനുള്ള കെട്ടിട നമ്പർ കോർപറേഷനിൽ നിന്നും കിട്ടാനുമുണ്ട്.
ജയിലിന്റെ സ്ഥലം ഇന്ത്യൻ ഓയിൽ കോർപറേഷന് ലീസിനു നൽകിയാണ് പമ്പ് സ്ഥാപിച്ചത്. ദേശീയപാതയോരത്ത് 39 സെന്റ് സ്ഥലത്താണ് പെട്രോൾ പമ്പ് നിർമിച്ചിരിക്കുന്നത്.
15 തടവുകാർക്ക് ജോലിയും
15 ജയിൽ അന്തേവാസികൾക്ക് തൊഴിൽ ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ജോലി. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ പമ്പ് പ്രവർത്തിക്കും. 160 മുതൽ 180 രൂപ വരെ ദിവസക്കൂലി അന്തേവാസികൾക്ക് നൽകും. ജയിൽ മോചിതരായവരെയും ജോലിക്കായി നിയമിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ പലരും വിസമ്മതിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണു ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നവരെ കൂടി പരിഗണിക്കാൻ തീരുമാനിച്ചത്.
ടി.കെ. ജനാർദ്ദനൻ, സൂപ്രണ്ട്,
സ്പെഷ്യൽ സബ് ജയിൽ, കണ്ണൂർ