നീലേശ്വരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ റോഡ് ഭാഗികമായി അറ്റകുറ്റപണിയും തുടങ്ങി. നീലേശ്വരം -ഇടത്തോട് റോഡിലാണ് ഇന്നലെ അറ്റകുറ്റപണി തുടങ്ങിയത്. റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായ സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ചായ്യോം കോംപ്ലക്സ്, ചായ്യോം ബസാർ, നരിമാളം വളവ്, ഇടിചൂടി എന്നിവിടങ്ങളിലാണ് ജെ.സി.ബി ഉപയോഗിച്ച് കുഴി അടക്കാൻ തുടങ്ങിയത്. തുലാവർഷം വന്നാൽ പിറ്റേന്ന് തന്നെ അടച്ച കുഴി പാതാള കുഴിയായി മാറുകയും ചെയ്യുമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്.
നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി റോഡ് കിളച്ചിട്ടിട്ട് ഒരു വർഷം കഴിഞ്ഞു. കൊവിഡ് പറഞ്ഞ് കരാറുകാരൻ പണി നീട്ടുകയായിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ ഇടത്തോട് റോഡ് മിക്കയിടങ്ങളിലും പൊട്ടിപൊളിഞ്ഞ് പാതാള കുഴി രൂപപ്പെട്ട് യാത്ര ദുസ്സഹമായിരുന്നു. എന്നാൽ ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കൾവർട്ട് പണിത കുഴി മുടിയിട്ടില്ല. ഇവിടെ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ തെന്നിമാറി താഴെയുള്ള കുഴിയിൽ വീണിരുന്നു. ഇവിടെ വാഹനങ്ങൾ തെന്നിമാറി കുഴിയിൽ വീഴുന്നത് നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു.
കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 42 കോടി രൂപ ചെലവിലാണ് നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്. എന്നാൽ പൊതുമരാമത്ത് അധികൃതരും കരാറുകാരനും തമ്മിൽ ഒത്തുകളിച്ച് യാത്രക്കാരുടെ ക്ഷമ പരിശോധിക്കുകയാണെന്നാണ് ആക്ഷേപം.