കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച് ബി.ജെ.പിയിൽ ധാരണയായി. എന്നാൽ മേൽകമ്മിറ്റിയുടെ അനാവശ്യമായ ഇടപെടൽ മുനിസിപ്പൽ കമ്മിറ്റിയെ രോഷം കൊള്ളിക്കുന്നു. ഒരുഘട്ടത്തിൽ നഗരസഭയിൽ ഒരംഗത്തെ മാത്രം ജയിപ്പിച്ചാൽ മതിയോ എന്നുവരെ മുനിസിപ്പൽ ഭാരവാഹികൾ മേൽകമ്മിറ്റിയോട് ചോദിച്ചതായാണ് വിവരം.
സിറ്റിംഗ് വാർഡുകളായ എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ എം. ബൽരാജും കാരാട്ടുവയലിൽ ഗണേശനും ,ദുർഗ്ഗ ഹൈസ്‌കൂളിൽ നിലവിലുള്ള കൗൺസിലർ എച്ച്.ആർ ശ്രീധരന്റെ ഭാര്യ സുഷുമയും ജനവിധി തേടും. കൗൺസിലർമാരായ വിജയമുകുന്ദ് അതിയാമ്പൂരിലും എച്ച്.ആർ സുകന്യ കണിയംകുളം വാർഡിലും ജനവിധി തേടും. അജയകുമാർ നെല്ലിക്കാട് പ്രതിനിധീകരിക്കുന്ന അത്തിക്കോത്ത് വാർഡിൽ സുധാമണിയാണ് സ്ഥാനാർത്ഥി.
വാർഡ് മൂന്നിൽ സവിതയും ഏഴിൽ അജയകുമാർ നെല്ലിക്കാടും പതിനെട്ടിൽ എച്ച്.ആർ ശ്രീധരനും മത്സരിക്കും. നിലവിൽ കൗൺസിലറായ സി.കെ വത്സലന് ഇത്തവണ സീറ്റില്ല. പിന്തുണ തേടി വത്സലൻ സി.പി.എം നേതൃത്വത്തെ സമീപിച്ചുവെങ്കിലും അവരും കൈയൊഴിഞ്ഞതായാണ് വിവരം. ബൽരാജിന്റെ ഭാര്യ വന്ദന വാർഡ് 14 ൽ മത്സരിക്കുമെന്നും കേൾക്കുന്നു.