ldf

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്തിലെ ഇടതുമുന്നണിയുടെ സീറ്റുവിഭജനം കീറാമുട്ടിയാകുന്നു. ഇടവേളയ്ക്കു ശേഷം പുതുതായി ഇടതുമുന്നണിയിൽ എത്തിയ എൽ.ജെ.ഡി ക്ക് ഒരു ഡിവിഷൻ നൽകുന്നത് സംബന്ധിച്ച തർക്കമാണ് സീറ്റുകളുടെ വിഭജനവും സ്ഥാനാർഥി നിർണ്ണയവും നീണ്ടുപോകാൻ ഇടയാക്കുന്നത്. ഇന്ന് നീലേശ്വരത്ത് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികൾക്ക് നൽകുന്ന സീറ്റുകൾ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും.

കാഞ്ഞങ്ങാടും നീലേശ്വരത്തും നേരത്തെ രണ്ടുതവണ നടത്തിയ ഉഭയകക്ഷി ചർച്ചകളിലൊന്നും ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ യോഗത്തിലും ധാരണ ഉണ്ടായില്ലെങ്കിൽ സംസ്ഥാന സമിതിക്ക് വിഷയം കൈമാറേണ്ടിവരും. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ സി.പി.എമ്മിനു നഷ്ടപ്പെട്ട പിലിക്കോട് ഡിവിഷനു വേണ്ടി എൽ.ജെ.ഡി പിടിമുറുക്കുകയും കള്ളാർ ഡിവിഷനു വേണ്ടി പുതുതായി മുന്നണിക്ക് പിന്തുണ നൽകുന്ന കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം രംഗത്തുവരികയും ചെയ്തതാണ് സീറ്റുവിഭജനം പ്രതിസന്ധിയിലാക്കിയത്.

സി.പി.ഐയിലെ എം. നാരായണൻ ജയിച്ച ബേഡകം സീറ്റിന് പകരം മടിക്കൈ, കരിന്തളം ഡിവിഷനുകളിൽ ഏതെങ്കിലും ഒന്ന് കിട്ടണമെന്ന് സി.പി.ഐയും ആവശ്യം ഉന്നയിച്ചു. സംസ്ഥാനതലത്തിൽ നിലവിലുള്ള സ്റ്റാറ്റസ്ക്കോ നിലനിർത്തണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണ് പിലിക്കോട് വിട്ടുതരില്ലെന്ന് സി.പി.എം വാദിച്ചത്. 66 വോട്ടിന് സി.പി.എം തോറ്റ ഡിവിഷൻ ഇത്തവണ ജനറൽ സംവരണ മണ്ഡലമാണ്. തങ്ങളുടെ ശക്തികേന്ദ്രമായ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്ന പിലിക്കോട് ഡിവിഷനിൽ 2500 ഓളം വോട്ടുണ്ടെന്നും സീറ്റ് തങ്ങൾക്ക് തന്നെ വിട്ടുതരണമെന്നുമാണ് എൽ.ജെ.ഡി നേതാക്കൾ പറയുന്നത്. മുമ്പും ഇടതുമുന്നണിയുടെ കൂടെയുണ്ടായപ്പോൾ ജനതാദളിന്റെ ശശി നടക്കാവ് ജയിച്ച ഡിവിഷൻ കൂടിയാണിതെന്നും ജില്ലയിൽ നിയമസഭാ സീറ്റൊന്നും വിട്ടുതരാൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ജില്ലാ പഞ്ചായത്തിൽ ജയിക്കുന്ന സീറ്റ് കിട്ടാൻ എന്തുകൊണ്ടും അവകാശമുണ്ടെന്നും എൽ.ജെ.ഡി വാദിക്കുന്നു.

പിലിക്കോട് എൽ.ജെ.ഡിക്ക് വിട്ടുകൊടുത്താൽ സി.പി.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 9 ആയി ചുരുങ്ങും. കേരള കോൺഗ്രസിന് ഇത്തവണ ജില്ലാ പഞ്ചായത്ത് സീറ്റ് വിട്ടുകൊടുക്കാൻ സാദ്ധ്യത കുറവാണെന്ന് ഇടതുമുന്നണിയിലെ പ്രമുഖ നേതാവ് വെളിപ്പെടുത്തി. ചിറ്റാരിക്കാൽ ഡിവിഷനിൽ ഡി.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഇടതുമുന്നണി ധാരണയിൽ എത്തിയിട്ടുണ്ട്.