ഇരിട്ടി: കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പേരാവൂർ സ്വദേശി ആശുപത്രിയിൽ നിന്ന് മുങ്ങി. രണ്ട് മണിക്കൂറോളം ഇരിട്ടി ബസ് സ്റ്റാൻഡിൽ ഇയാൾ ചെലവഴിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന ബസിൽ കയറി ഇയാൾ സീറ്റിൽ ഇരിക്കുന്നത് കണ്ട പേരാവൂർ സ്വദേശിയായ ലോട്ടറി തൊഴിലാളി അറിയിച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഇരിട്ടി പൊലീസിനെ വിളിച്ചു. പൊലീസ് എത്തി 108 ആംബുലൻസ് ആവശ്യപ്പെട്ട് വിവരം ആരോഗ്യ വകുപ്പിനെ അറിച്ചെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും അവർ എത്തിയില്ല. സംഭവം അറിഞ്ഞ ഇയാളുടെ ബന്ധുക്കൾ ഓട്ടോറിക്ഷയുമായി വന്ന് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ പൊലീസ് നിർദ്ദേശിച്ചു.