കണ്ണൂർ: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ജില്ലയിൽ സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പ് സാദ്ധ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പിന്തുണ വാഗ്ദാനം ചെയ്തു.
മാതൃകാ പെരുമാറ്റച്ചട്ടങ്ങൾക്കൊപ്പം ഹരിത പെരുമാറ്റച്ചട്ടങ്ങളും കൊവിഡ് പ്രോട്ടോകോളും പാലിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രശ്‌നബാധിത ബൂത്തുകളിൽ സാദ്ധ്യമായ ഇടങ്ങളിൽ വെബ് കാസ്റ്റിംഗും അല്ലാത്ത സ്ഥലങ്ങളിൽ വീഡിയോ കവറേജും ഏർപ്പെടുത്തും. ഇതിനു പുറമെ, ഏതെങ്കിലും ബൂത്തിൽ വീഡിയോ കവറേജ് വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥാനാർത്ഥികൾക്ക് സ്വന്തം ചെലവിൽ അത് ഏർപ്പാടാക്കുന്നതിനുള്ള സൗകര്യം ഇത്തവണ ഒരുക്കും.
പത്രിക സമർപ്പണ വേളയിൽ സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കുന്ന തുക പരമാവധി ട്രഷറി വഴി നൽകാൻ ശ്രമിക്കണമെന്നും പണം നേരിട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ, കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ എ.ഡി.എം ഇ.പി മേഴ്‌സി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.കെ അബ്ദുൾ നാസർ, നോഡൽ ഓഫീസർമാർ, അഡീഷണൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി ജയരാജൻ, കെ.സി മുഹമ്മദ് ഫൈസൽ, അബ്ദുൽ കരീം ചേലേരി, പി. സന്തോഷ് കുമാർ, പി.ആർ രാജൻ, പി.എ താജുദ്ദീൻ, വി. മോഹനൻ, ദിവാകരൻ, സജി കുറ്റിയാനിമറ്റം, കെ.പി മുനീർർ, സി ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.