കസ്റ്റഡിയിൽ വിടാൻ കോടതി വിസമ്മതിച്ചു
11 കേസുകളിൽ അറസ്റ്റിന് അനുമതി
കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി എം.സി .ഖമറുദ്ദീൻ എം.എൽ.എ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി, പ്രത്യേക അനേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ നിരസിച്ചു. കൂടുതൽ കേസുകളിൽ അറസ്റ്റിനും അനുമതി നിഷേധിച്ചു. 30 കേസുകളിൽ11 കേസുകളിൽ മാത്രം അറസ്റ്റ് രേഖപ്പെടുത്താൻ അനുവാദം നൽകി.
തുടർന്ന് ഖമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം നടന്നു. തുടർന്ന് ഇന്ന് പരിഗണിക്കാൻ മാറ്റി. ഖമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആസ്തി സംബന്ധിച്ച് വിവരങ്ങൾ ഖമറുദ്ദീൻ ഒന്നും പറയുന്നില്ല... കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്താനുണ്ട്. രജിസ്റ്റാർ ഓഫ് കമ്പനീസിന് 2017 ന് ശേഷം രേഖകൾ സമർപ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രോസിക്യുഷൻ വാദിച്ചു. സാമ്പത്തിക ഇടപാടിനെല്ലാം ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളാണെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും വാദിച്ചു.