antigen

കാസർകോട്: ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാരും 14 ദിവസത്തിലൊരിക്കൽ ആന്റിജൻ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് വഴി സംഘടിപ്പിച്ച ജില്ലാതല കൊവിഡ് കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണിതെന്നും ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്താനും കളക്ടർ നിർദേശം നൽകി.
നിലവിൽ ജില്ലയിൽ കൊവിഡ് കേസുകൾ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ജാഗ്രത കർശനമായി തുടരണം. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായായാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിസ്റ്റിവിറ്റി റേറ്റ് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത്. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ഏകീകൃത സ്വഭാവത്തോടെ തുടർന്നാൽ മാത്രമേ ജില്ലയിലെ കൊവിഡ് നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാൻ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പ, സബ്കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം എൻ. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി രാംദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.