കണ്ണൂർ : നാട്ടിലെ ക്ഷീരകർഷകർക്കും ക്ഷീരോൽപാദക സംഘങ്ങൾക്കും ഭീഷണിയായി മറുനാട്ടിൽ നിന്നും പാലൊഴുകുന്നു.വിവിധ ക്ഷീര സംഘങ്ങളുടെയും മിൽമയുടെയും പായ്ക്കറ്റുകളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവയുടെ വിൽപ്പന. വ്യാപാരികൾക്ക് വൻതോതിൽ കമ്മിഷനും മറ്റു വാഗ്ദാനങ്ങളും നൽകിയാണ് ഇവ വിപണിയിൽ വേരുറപ്പിക്കുന്നത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അളവിൽ കുറച്ച് മിൽമക്ക് സമാനമായ പാക്കറ്റിൽ നാടൻ പാൽ എന്ന വ്യാജേന എത്തുന്നുവെന്നാണ് ക്ഷീരകർഷകരുടെ പരാതി. വിപണിയിൽ സുലഭമായ ഇത്തരം പാക്കറ്റ് പാൽ ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കൈയടക്കുന്നത്. ലിറ്ററിന് 50 രൂപ നിരക്കിലാണ് വില്പന. 23 രൂപക്ക് 400 മില്ലി ലിറ്റർ പാലാണ് മിൽമ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.ഇതുമുതലാക്കിയാണ് അന്യസംസ്ഥാന ലോബിയുടെ കൊയ്ത്ത്.
പ്രതിസന്ധിയിലേക്ക് ക്ഷീരകർഷകർ
മറുനാടൻ പാൽ വ്യാപകമാകുമ്പോൾ മിൽമക്കൊപ്പം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ ലക്ഷ കണക്കിന് ക്ഷീര കർഷകർ കൂടിയാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതിനാലും സുസ്ഥിര വില ലഭിക്കുന്നതിനാലും പുതുതായി വളരെയേറെ പേർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അതിന്റെ ഭാഗമായി മിൽമയുടെ പാൽ സംഭരണം പ്രതീക്ഷക്കപ്പുറം വർദ്ധിച്ചിട്ടുമുണ്ട്. ദിനംപ്രതി ഏകദേശം 7.50 ലക്ഷം ലിറ്ററായി ഇത് വർദ്ധിച്ചു.എന്നാൽ വിപണനം ഏകദേശം പ്രതിദിനം 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു.
മറയില്ലാതെ പ്രതിഷേധം
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പാൽ നാടൻപാലെന്ന പേരിൽ വിൽപന നടത്തുന്നതിനെതിരെ പ്രതിഷേധവുമായി കർഷക കൂട്ടായ്മ. വ്യാജ പാലിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് മിൽമയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഈയിടെ 150 കേന്ദ്രങ്ങളിൽ ക്ഷീര സംഘങ്ങൾ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.അയൽ സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ വാങ്ങി സ്വകാര്യ ഏജൻസികൾ കമീഷൻ കൂടുതൽ നൽകി വിറ്റഴിക്കുകയാണ്. മിൽമയുടെ പേരും ലോഗോയും പരസ്യ വാചകവും അനുകരിച്ചാണ് വ്യാജ പാൽ വിൽപന.നാടൻ പാലെന്ന പേരിൽ മറുനാടൻ പാൽ വിൽക്കുന്നത് അവസാനിപ്പിക്കുക, ഇത്തരം വിൽപനകളിൽനിന്ന് വ്യാപാരികൾ ഒഴിവാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂട്ടായ്മ.