shobha
ശോഭാ സുരേന്ദ്രൻ

കണ്ണൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രനുമായി ഇടഞ്ഞുകഴിയുന്ന നേതാക്കളെ ഒപ്പം നിർത്താൻ ശോഭാ സുരേന്ദ്രൻ കണ്ണൂർ, കാസർകോട് ജില്ലകളിലും ചരടുവലി തുടങ്ങി. മുൻ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദനെ പോലുള്ള മുതിർന്ന നേതാക്കളെ പുതിയ നീക്കത്തിൽ ഒപ്പം നിർത്താൻ കഴിയുമെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സ്ഥാനാർഥി നിർണയം പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ശോഭാ സുരേന്ദ്രന്റെ നീക്കത്തെ കരുതലോടെയാണ് നേതൃത്വം കാണുന്നത്.

കെ. സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് ഇപ്പോൾ സംസ്ഥാനത്ത് നേതൃത്വം നൽകുന്നത് സംഘടനാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട ശോഭാ സുരേന്ദ്രനാണ്. കഴിഞ്ഞ ദിവസം മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ച ശേഷമാണ് ശോഭാ സുരേന്ദ്രൻ പുതിയ നീക്കം തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് വിമത ശബ്ദമുയർത്തിയ നേതാക്കളെയും വിവിധ ജില്ലകളിൽ അവഗണിക്കപ്പെട്ടവരെയും ഒരുമിച്ച് നിർത്താനുള്ള ശ്രമമാണ് ശോഭാ സുരേന്ദ്രൻ നടത്തുന്നത്.

സംസ്ഥാന നേതൃതൃത്വത്തിലും പുനഃസംഘടനയെത്തുടർന്ന് ജില്ലകളിലും അതൃപ്തിയുള്ളവർ നിരവധിയാണ്. ഇവരെ ഒന്നിച്ചുനിർത്തിയാൽ കെ സുരേന്ദ്രനെതിരായ നീക്കത്തിന് കൂടുതൽ കരുത്ത് ലഭിക്കുമെന്ന് ശോഭ കരുതുന്നു. എതിർപ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചിട്ടും ശോഭ സുരേന്ദ്രന്റെ പരാതികളോട് പ്രതികരിക്കാൻ സംസ്ഥാന നേതൃത്വം തയാറാവാത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം.

അതിനിടെ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പഴയകാല പ്രവർത്തകരെയും മറ്റും സംസ്ഥാന പ്രസിഡന്റിനെതിരെ രംഗത്തെത്തിക്കുന്നതിനു പിന്നിൽ ഗൂഢനീക്കങ്ങളുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.

മുതിർന്ന നേതാക്കളുടെ പിന്തുണ ലക്ഷ്യമിട്ട് ശോഭ

ബി.ജെ.പിയിലെ നിരവധി മുതിർന്ന നേതാക്കൾ ശോഭ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായതിനുശേഷം പാർട്ടിയിൽ വിഭാഗീയത ശക്തമായെന്നാരോപിച്ച് നൽകിയ പരാതിയിൽ സുരേന്ദ്രൻ ഒരു വിഭാഗം നേതാക്കളെ മുൻനിർത്തി പാർട്ടി കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ നിശബ്ദരാക്കിയതിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വലിയൊരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.