കണ്ണൂർ: അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ചില രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും നൽകിയ കള്ളപ്പണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ കള്ളപ്പണമുപയോഗിച്ചെന്ന ആക്ഷേപം ഉയർന്നുവന്നിരുന്നു. അതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലും അവിഹിതസ്വത്ത് സമ്പാദനവും എം.എൽ.എ. നടത്തിയിട്ടുണ്ടെന്നാണ്. അന്നേ ഇരട്ട പാൻകാർഡ് കൈവശമുണ്ടായിരുന്നു. അതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് അടക്കമുള്ള ബന്ധപ്പെട്ട അധികൃതർക്ക് പരാതിയും നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ജയരാജൻ പറഞ്ഞു. ഇരട്ട പാൻകാർഡ് ഉപയോഗിച്ചായിരുന്നു സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തതതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.