കണ്ണൂർ: രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായ കാരന്താട്ടെ സി.വി. ധനരാജിന്റെ ഭാര്യ എൻ.വി. സജിനി ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ ആളുകൾക്ക് തന്നോടുള്ള രാഷ്ട്രീയം മറന്നുള്ള സ്നേഹവും അടുപ്പവും അനുഭവിച്ചറിയാൻ കഴിഞ്ഞുവെന്ന് സജിനി പറയുന്നു.
രാഷ്ട്രീയത്തിനപ്പുറം ആളുകളുമായുള്ള ധനരാജിന്റെ ഇടപെടലുകൾ തന്നെയാണ് തനിക്ക് ലഭിക്കുന്ന ഈ സ്വീകാര്യതയ്ക്ക് പിന്നിലെന്നാണ് സജിനിയുടെ വിശ്വാസം. സ്ഥാനാർത്ഥിയായി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. അത്രമേൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സമയങ്ങളിൽ തനിക്ക് താങ്ങായ പാർട്ടിക്കും സമൂഹത്തിനും തന്നാൽ കഴിയുന്ന എല്ലാ പിന്തുണയും നൽകുകയായിരുന്നുവെന്ന് സജിനി പറയുന്നു. ധനരാജ് ഉണ്ടായിരുന്നപ്പോൾ വീട്ടിൽ അത്യാവശ്യം നടക്കാറുള്ള രാഷ്ട്രീയ ചർച്ചകളും സജിനി ഓർത്തെടുക്കുന്നു. ധനരാജിനോട് നാടിനുണ്ടായിരുന്ന സ്നേഹം തനിക്ക് അനുകൂലമാകുമെന്ന ശുഭ പ്രതീക്ഷയാണ് സജിനിക്ക്.
നാലു വർഷം മുൻപ് 2016 ജൂലായ് പത്തിനാണ് സജിനിയുടെയും മക്കളുടെയും മുന്നിലിട്ട് എതിരാളികൾ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി സജിനി രംഗത്തിറങ്ങുമ്പോൾ പാർട്ടി പ്രവർത്തകർക്കും വിജയപ്രതീക്ഷ ഏറെയാണ്.
സി.പി.എം കാരന്താട് ബ്രാഞ്ച് അംഗം കൂടിയാണ് സജിനി. അമ്മ സ്ഥാനാർത്ഥിയായി നിൽക്കുന്നുണ്ടെന്നറിഞ്ഞതോടെ മക്കളായ ഒമ്പതാം ക്ലാസുകാരൻ എൻ.വി. വിവേകാനന്ദനും ഒന്നാം ക്ലാസുകാരൻ എൻ.വി. വിദ്യാനന്ദനും ഏറെ സന്തോഷത്തിലാണ്. ധനരാജിന്റെ അമ്മ സി.യു. മാധവിയും സജിനിക്കൊപ്പമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പ്രചാരണത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ധനരാജിനോടുള്ള സ്നേഹം എന്താണെന്ന് ഈ യാത്രയിൽ അറിയുന്നുണ്ട്. വിജയത്തിൽ നിലവിൽ ഒരാശങ്കയുമില്ല -സി.വി.സജിനി