കാസർകോട്: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തെ സന്ദർശിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ബന്ധുക്കളെ ആശ്വസിപ്പിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഇടപെടൽ. ലോക ഓർമ്മ ദിനത്തിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സന്ദർശനം. ബൈക്ക് അപകടത്തിൽ മകൻ നഷ്ടപ്പെട്ട തളങ്കര ഖാസിലൈനിലെ പി.എച്ച്. അബ്ദുൾ ഖാദറിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. സംസാരത്തിനിടെ വിങ്ങിപ്പൊട്ടിയ പിതാവിനെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടി.എം. ജെർസൺ സ്വാന്ത്വനിപ്പിച്ചു.
അബ്ദുൾ ഖാദറിന്റെയും സുമയ്യയുടെയും മകൻ ഹസൻ മിദ്‌ലാജ്, സഹോദരീ പുത്രൻ അബു ഹുസൈഫത്തും ജൂലൈ 15ന് രാത്രി കുമ്പള നായികാപ്പിലെ അപകടത്തിലാണ് മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇരുവരും. ഇത്തരത്തിൽ മരണ ശയ്യയിൽ കിടക്കുന്നവരും ഏറെയാണ്. പക്ഷെ, ഇവർക്ക് സ്വാന്തനമേകാൻ പിന്നീട് ആരും എത്താറില്ല. ജില്ലയിൽ 12 വീടുകളിൽ ഇവരെത്തും. ഈ മാസം 16 നാണ് ഓർമ്മദിനം.
സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനൊരു കാമ്പയിൻ. 'കൊവിഡ് കാലത്ത് മകൻ പുറത്തൊന്നും പോകാറുണ്ടായിരുന്നില്ല. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ എല്ലാ കാര്യത്തിനും എന്നെ സഹായിച്ചിരുന്നു. അപകടം നടക്കുന്ന ദിവസം മകളുടെ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് കാസർകോട് ആശുപത്രിയിലായിരുന്നു ഞാൻ. ഇരുവരും അപകടത്തിപ്പെട്ടതായി വിവരം ലഭിച്ചത് പിന്നീടായിരുന്നു..'
തളങ്കരയിലെ അബ്ദുൽ ഖാദർ പറഞ്ഞു.
മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആർക്കും ഈ ഗതി വരരുതെന്നും മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രതയും ശ്രദ്ധയും കാട്ടണമെന്നും അദ്ദേഹം പറയുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ. അരുൺ രാജ്, എം. സുധീഷ്, എ. സുരേഷ് എന്നവരും കൂടെയുണ്ടായിരുന്നു.
ബൈറ്റ്
അപകടത്തിൽ മരിച്ചവർ കുടുംബത്തിൽ ഉണ്ടാക്കുന്ന വിള്ളൽ വലുതാണ്. ജീവൻ പൊലിയുന്നതിൽ പലരും കുടുംബങ്ങളെ താങ്ങിനിർത്തുന്നവരാണ്. അമിത വേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിക്കുന്നവർക്ക് ഇതൊരു പാഠമാകണം. റോഡുകളുടെ തകർച്ച കാരണം അപകടം സംഭവിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും.
ടി.എം. ജെർസൺ
(എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ)