rto-
പടം ..വാഹനാപകടത്തിൽ മകൻ നഷ്ടപെട്ട തളങ്കര ഖാസിലൈനിലെ പി എച്ച് അബ്ദുൾ ഖാദറിനെ ആശ്വസിപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.

ലോക ഓർമ്മദിനത്തിന് മുന്നോടിയായി റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ

കുടുംബങ്ങളെ സന്ദർശിച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ

കാസർകോട് : വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ മുറിവ് ഉണക്കാനും ഭവിഷ്യത്തുകൾ സംബന്ധിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനുമായി മോട്ടോർ വാഹന വകുപ്പ്. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാന്ത്വനവുമായാണ് ഉദ്യോഗസ്ഥർ മരിച്ചവരുടെ വീടുകളിലെത്തിയത്.

ലോക ഓർമ്മ ദിനത്തിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ കാസർകോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പുതിയ ആശയവുമായി രംഗത്തുവന്നത്. ബൈക്ക് അപകടത്തിൽ കുടുംബത്തിന്റെ അത്താണിയായ മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന കാസർകോട് തളങ്കര ഖാസിലൈനിലെ പി.എച്ച് അബ്ദുൾ ഖാദറിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. മകനെക്കുറിച്ചുള്ള ഓർമ്മ പങ്കുവയ്ക്കുന്നതിനിടയിൽ വിങ്ങിപ്പൊട്ടിയ ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ സമാധാനിപ്പിക്കുകയായിരുന്നു. അബ്ദുൾഖാദറിന്റെയും സുമയ്യയുടെയും മകൻ ഹസൻ മിദ്‌ലാജും സഹോദരിപുത്രൻ അബു ഹുസൈഫത്തും ജൂലായ് 15 ന് രാത്രി കുമ്പള നായികാപ്പിൽ വച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇരുവരും.

സമാനമായ അപടങ്ങളിൽ പൊലിഞ്ഞുപോയവരുടെ ഉറ്റവർ അനുഭവിക്കുന്ന വേദനയും ദുരിതവും സമൂഹം അറിയാറില്ല. ഇത് തിരിച്ചറിഞ്ഞാണ് മോട്ടോർ വാഹനവകുപ്പിന്റെ സദുദ്യമം നടന്നത്. കാസർകോട് ജില്ലയിൽ 12 ഓളം വീടുകളിൽ സാന്ത്വനവുമായി തുടർന്നുള്ള ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പോകുന്നുണ്ട്. ഈ മാസം 16 നാണ് ഓർമ്മദിനം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കാസർകോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പുതിയ ആശയം നടപ്പിലാക്കിയത്. ഇത് മാതൃകയാക്കി മറ്റു ജില്ലകളിലും ഈ ആശയം നടപ്പിലാക്കും.

മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രതയും ശ്രദ്ധയും കാണിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടി.എം ജേഴ്‌സണുമായുള്ള സംസാരത്തിനിടെ വിങ്ങിപ്പൊട്ടി അബ്ദുൽ ഖാദർ പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ. അരുൺ രാജ്, എം. സുധീഷ്‌, എ. സുരേഷ് എന്നവരും കൂടെയുണ്ടായിരുന്നു.

അപകടത്തിൽ മരിച്ചവർ കുടുംബത്തിൽ ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതായിരിക്കും. മിക്കവാറും കുടംബങ്ങളെ താങ്ങിനിർത്തുന്നവർ ആയിരിക്കും ദുരന്തത്തിൽ പൊലിയുന്നത്. റോഡുകളുടെ തകർച്ച കാരണമുള്ള അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഇടപെടുവിക്കും

ടി .എം. ജേഴ്സൺ

(എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ)