തൃക്കരിപ്പൂർ: ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പൊതുജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന വായനശാല ഹാളിലേക്ക് പ്രവർത്തനം മാറ്റിയ പഞ്ചായത്ത് എൽ.എസ്.ജി.ഡി ഓഫീസിന് വർഷങ്ങൾ കഴിഞ്ഞിട്ടും ശാപമോക്ഷമായില്ല. എൻജിനീയറടക്കം അഞ്ചോളം ജീവനക്കാർ ഞെങ്ങി ഞെരുങ്ങിയാണ് ഈ കാലമത്രയും ജോലി ചെയ്തുവരുന്നത്. കാലപ്പഴക്കം കാരണം തകർച്ച നേരിടുന്ന പഴയ ഓഫീസിന് മുകളിലേക്കായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു തണൽമരം മുറിച്ചു മാറ്റാൻ അനുമതി കിട്ടാൻ വൈകിയതാണ് കെട്ടിട നിർമ്മാണം വൈകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപകടകരമാം വിധം പടർന്നു നിൽക്കുന്ന വന്മരം മുറിച്ചുമാറ്റുകയും, പുതിയ ഓഫീസ് കെട്ടിടം പണിയാനായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഒരുങ്ങി നിന്നെങ്കിലും ഫണ്ടിന്റെ ലഭ്യത കുറവ് വന്നതോടെ നിർമ്മാണം നീണ്ടുപോയി. നിർമ്മാണത്തിലിരിക്കുന്ന മത്സ്യ മാർക്കറ്റിനായി 90 ലക്ഷം രൂപ നീക്കിവെക്കേണ്ടി വന്നതിനാലാണ് എൽ.എസ്.ജി.ഡി ഓഫീസ് കെട്ടിടം പണി അനിശ്ചിതത്വത്തിലായതെന്നാണ് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന അനൗദ്യോഗിക വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നയുടൻ ആദ്യ പരിഗണന പ്രസ്തുത ഓഫീസിന് നൽകിക്കൊണ്ട് നിർമാണം നടത്തുകയും, വായനശാല ഹാൾ വായനക്കാർക്ക് ഉപയോഗിക്കാനായി ക്രമീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.