election

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മുന്നണി ഘടകകക്ഷികൾ സീറ്റ് വീതംവെപ്പ് എളുപ്പം പൂർത്തിയാക്കിയെങ്കിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനു വരെ പല വാർഡുകളിലും സ്ഥാനാർത്ഥികളെ കണ്ടെത്താനായിട്ടില്ല. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ പേരുകൾ മുന്നിലുള്ളതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

സമവായത്തിലെത്തി സ്ഥാനാർത്ഥി നിർണ്ണയം നേരത്തെ പൂർത്തിയാക്കണമെന്ന് കരുതിയെങ്കിലും ഇനിയും രണ്ടു ദിവസമെങ്കിലും വേണ്ടിവരും. കൺവെൻഷൻ വിളിച്ചു ചേർത്ത് ഇടതുമുന്നണി സ്ഥാനാർത്ഥികളെ 15 നകം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹനൻ പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥികൾ 16 മുതൽ പത്രിക സമർപ്പിച്ച് തുടങ്ങുമെന്നും രാജ്‌മോഹനൻ അറിയിച്ചു.

ചില വാർഡുകളിൽ നേരത്തെ തന്നെ സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി. എന്നാൽ മറ്റു ചില വാർഡുകളിൽ കമ്മിറ്റികൾ ചേരാനിരിക്കുന്നതേയുള്ളൂ.യു.ഡി.എഫിലും ഇതേ പ്രശ്‌നമുണ്ട്. 26 വാർഡുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് ഇതിനകം എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വാർഡിലെ സ്ഥാനാർത്ഥിയെ മാത്രമാണ് നിശ്ചയിക്കാനായത്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണനാണ് ഇവിടുത്തെ സ്ഥാനാർത്ഥി.

പതിനഞ്ചോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണൻ പറഞ്ഞു.