jiji
ജിജി ജോയി,

പേരാവൂർ: കൃത്യമായ ആസൂത്രണത്തിലൂടെയും ചിട്ടയായ നിർവ്വഹണത്തിലൂടെയും വികസനപാതയിലൂടെ മുന്നേറുകയാണ് പേരാവൂർ ഗ്രാമപഞ്ചായത്ത്. സാമൂഹ്യക്ഷേമം, കാർഷികജലസേചനം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, ആരോഗ്യം തുടങ്ങി നാനാമേഖലകളിലും നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ അഞ്ചുവർഷത്തെ മുൻനിർത്തി ഈ കാലയളവിൽ പേരാവൂരിനെ നയിച്ചവർ പറയുന്നു.

'പേരാവൂർ റൈസ് ' എന്ന പേരിൽ ബ്രാൻഡ് ചെയ്ത ഗുണമേന്മയുള്ള അരി വിപണിയിലെത്തിച്ചതും പച്ചക്കറി, പാലുല്പാദനം, ഇടവിള കൃഷി, നാളികേര കൃഷി, മത്സ്യ കൃഷി എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകിയതും ഇവർ എടുത്തുകാട്ടുന്നു. മിക്കവാറും റോഡുകളുടെയും പ്രവൃത്തികൾ പൂർത്തീകരിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധനേടി.

വെള്ളായി കുടിവെള്ള പദ്ധതിയും കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതിയും പഞ്ചായത്തിന്റെ മികവുകളായി മാറി.
ടൗണിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഹോട്ടൽ കണ്ണൂർ ജില്ലയിലെതന്നെ ഏറ്റവും വലിയ ജനകീയ ഹോട്ടലായി അറിയപ്പെടുന്നു. പഴയ ബസ് സ്റ്റാൻഡിൽ ക്ലോക്ക് റൂം, മിൽക്ക് ബൂത്ത്, ഓപ്പൺ സ്റ്റേജ്, ടോയ്ലറ്റ് എന്നീ സംവിധാനങ്ങൾ ഒരുക്കി. മാലിന്യ നിർമ്മാർജ്ജനത്തിനായി ഹരിത കർമ്മസേന, ടൗൺ ശുചീകരണം, പ്ലാസ്റ്റിക്ക് ശേഖരിക്കാൻ എം.സി.എസ്, ഇവ പൊടിക്കാനുള്ള മെഷീൻ തുടങ്ങിയ സൗകര്യങ്ങളും പേരാവൂരിലുണ്ട്.

'തുടികൊട്ട് ' പദ്ധതിയിലൂടെ ആദിവാസി വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും കൃത്യമായി സ്‌കൂളുകളിലെത്തിക്കാൻ കഴിഞ്ഞു. ഇവർക്ക് സൈക്കിളും ഫർണിച്ചറും വിതരണം ചെയ്തു. ലൈഫ് ഭവനപദ്ധതിയിൽ 152 വീടുകൾ നിർമ്മിച്ചു നൽകി. അഗതി രഹിത കേരളം പദ്ധതിയിൽ 112 പേർക്ക് എല്ലാ മാസവും ഭക്ഷണക്കിറ്റുകൾ നൽകുന്നു. 55 ലക്ഷം രൂപ ചെലവിട്ട് വെള്ളർവള്ളിയിൽ ആധുനിക വാതക ശ്മശാനവും ഒരുക്കി.

2020ലെ മികച്ച ബാലസൗഹൃദ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന അക്ഷയകേരള പുരസ്‌കാരം, അഴിമതിരഹിത ജനസൗഹൃദ പഞ്ചായത്തിനുള്ള ഐ.എസ്.ഒ, ഹരിതകേരളമിഷൻ പുരസ്‌കാരം, മീഡിയാ വൺ മഹാ പഞ്ചായത്ത് അവാർഡ് എന്നീ പുരസ്‌കാരങ്ങളുടെ നിറവിലാണ് പേരാവൂർ. കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനത്തെ അഞ്ചു പഞ്ചായത്തുകളിൽ ഒന്നും പേരാവൂരാണ്.


പഞ്ചായത്തിന്റെ പല സ്വപ്നപദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഒട്ടനവധി വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞു.

ജിജി ജോയി, പ്രസിഡന്റ്, പേരാവൂർ ഗ്രാമപഞ്ചായത്ത്.


വികസനഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടു. പേരാവൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വിഭാവനം ചെയ്ത ബൈപ്പാസ് റോഡ് ഫലപ്രാപ്തിയിലെത്തിയില്ല - സുരേഷ് ചാലാറത്ത്, കോൺഗ്രസ്